വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്‌കൂൾ തുറക്കും മുമ്പ് മലപ്പുറം ജില്ലയിലെ സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പെരിന്തൽമണ്ണ സബ് ആർ.ടി.ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന തറയിൽ ബസ് സ്റ്റാൻഡിൽ ആരംഭിച്ചു.

വാഹനത്തിന്റെ രേഖകൾ, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, ബസുകളുടെ വിൻഡോ ഷട്ടർ, വാഹനത്തിന്റെ ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ് ഇൻഡിക്കേറ്റർ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഓരോ സ്‌കൂൾ വാഹനങ്ങളും ഉദ്യോഗസ്ഥർ തന്നെ ഓടിച്ചുനോക്കി യാന്ത്രിക ക്ഷമത ഉറപ്പുവരുത്തുകയും വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങൾ വരെ പരിശോധനയ്ക്ക് വിധേയമാക്കി. ആദ്യദിവസം പരിശോധനയ്ക്കായി 75 വാഹനങ്ങളാണ് എത്തിയത്. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ’ പതിച്ച് കൊടുത്തു. വേഗപ്പൂട്ട്, ജി പി എസ്, ടയർ, ബ്രേക്ക് എന്നിവയിൽ തകരാർ കണ്ടെത്തിയ 15 സ്‌കൂൾ ബസുകൾ അധികൃതർ തിരിച്ചയച്ചു. അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും പരിശോധനക്ക് ഹാജരാക്കാൻ നിർദേശിച്ചു. സംസ്ഥാന ബാലാവകാശ കമീഷന്റെ ഉത്തരവ് അനുസരിച്ചുള മാർഗനിർദേശങ്ങൾ എല്ലാ സ്‌കൂൾ അധികൃതർക്കും കൈമാറുകയും ചെയ്തു. അവ കർശനനമായി പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

സ്‌കൂൾ ബസുകൾ ഫിറ്റ്‌നസ് പരിശോധനയ്ക്കായി കൊണ്ടുവരുമ്പോൾ പുതിയ ടയറും വേഗപ്പൂട്ടും യന്ത്ര ഭാഗങ്ങളും സ്ഥാപിക്കുകയും പരിശോധനയ്ക്കുശേഷം അവ നീക്കം ചെയ്ത് ഓടിക്കുകയും ചെയ്യുന്നത് തടയാൻ ഇടവേളകളിൽ പരിശോധന നടത്തുമെന്നും ഫിറ്റ്‌നസ് പരിശോധന പൂർത്തിയാകാത്ത ഒരു സ്‌കൂൾ വാഹനവും നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒ ഇൻ ചാർജ് പി.കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.

ഫിറ്റ്‌നസ് പരിശോധന

മലപ്പുറം ആർ.ടി.ഒ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന മെയ് 25, 30 തീയതികളിൽ നടക്കും. വാറങ്കോട് ടെസ്റ്റ് ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ട് മുതലാണ് പരിശോധന. എല്ലാ സ്‌കൂൾ വാഹനങ്ങളും നിർബന്ധമായും പരിശോധന നടത്തി ചെക്ക്ഡ് സ്ലിപ് കരസ്ഥമാക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു.

Share
അഭിപ്രായം എഴുതാം