മനസ് വായിച്ച് അക്ഷരങ്ങളാക്കി എ.ഐ

ചിന്തകളെ അക്ഷരങ്ങളാക്കി എ.ഐ. ടെക്‌സസ് സര്‍വകലാശാലയിലെ ഗവേഷകരാണ് നിര്‍മിത ബുദ്ധി(എ.ഐ)യുടെ സഹായത്തോടെ മനസുവായിച്ചെടുത്തത്. കൃത്യത 50 ശതമാനം. തലച്ചോറിനുള്ളില്‍ ചിപ് സ്ഥാപിക്കാതെ തന്നെ ദൗത്യം വിജയിച്ചെന്നതാണു കൂടുതല്‍ പ്രധാനം. സമീപഭാവിയില്‍തന്നെ ശരീരം തളര്‍ന്നവര്‍ക്ക് ഈ കണ്ടെത്തല്‍ ആശ്വാസമാകും. തലച്ചോറിലെ തരംഗങ്ങളെക്കുറിച്ചുള്ള ഡേറ്റ എ.ഐക്ക് കൈമാറിയായിരുന്നു പരീക്ഷണത്തുടക്കം. ചിലവാക്കുകള്‍ക്കനുസരിച്ചു തലച്ചോറിലുണ്ടാകുന്ന പ്രതികരണം ഡീകോഡര്‍ എന്ന ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചു.
മൂന്നു പേരാണു പരീക്ഷണത്തില്‍ പങ്കെടുത്തത്. എം.ആര്‍.ഐ. മെഷീനില്‍ സന്നദ്ധപ്രവര്‍ത്തകരെ കിടത്തിയായിരുന്നു പരീക്ഷണം. മെഷീനില്‍ അവര്‍ കിടക്കവേ കഥകള്‍ കേള്‍പ്പിച്ചു. അപ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം എ.ഐയിലെ ”ഡികോഡര്‍” നിരീക്ഷിച്ചു. നേരത്തെ കേട്ട കഥയുടെ അടിസ്ഥാനത്തില്‍ കഥയുണ്ടാക്കാനായിരുന്നു അടുത്തനിര്‍ദേശം. ഈ സമയവും സന്നദ്ധ പ്രവര്‍ത്തകരുടെ തലച്ചോര്‍ എ.ഐ. നിരീക്ഷണത്തിലായിരുന്നു.

ചിന്തകളെ വാക്കുകളായും അക്ഷരങ്ങളായും എ.ഐ. മാറ്റി. പൂര്‍ണവിജയമായില്ലെങ്കിലും പ്രതീക്ഷ നല്‍കുന്ന രീതിയിലാണ് എ.ഐ. പ്രവര്‍ത്തിച്ചതെന്നു ഗവേഷണ സംഘാംഗമായ ജെറി ടാങ് പറഞ്ഞു. പുതിയ സാങ്കേതികവിദ്യ ആദ്യഘട്ടത്തില്‍ മാത്രമാണ്. ആളുകളുടെ ചിന്തകളുടെ സ്വകാര്യത ഇപ്പോള്‍ ഭീഷണിയില്ല. എങ്കിലും വ്യക്തികളുടെ അനുമതിയോടെ മാത്രമേ ഈ സാങ്കേതികവിദ്യ പ്രയോഗിക്കാവൂ- അദ്ദേഹം പറഞ്ഞു. ഒരാളുടെ ചിന്തയില്‍നിന്നുള്ള ശകലങ്ങള്‍ പിടിച്ചെടുക്കാന്‍ ഇപ്പോള്‍ എ.ഐക്ക് 16 മണിക്കൂര്‍ പരിശീലനമാണു വേണ്ടത്. ഇത്രയും പരിശീലനം ലഭിച്ച എ.ഐ. കഥയിലെ പ്രധാന സംഭവങ്ങള്‍ വേര്‍തിരിച്ചെടുത്തു. എങ്കിലും, പൂര്‍ണമായി കഥയുണ്ടാക്കാനായില്ല. ചില കാര്യങ്ങള്‍ എ.ഐ. മനസിലാക്കുന്നതിനും പരിധിയുണ്ട്. ”എനിക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ല” എന്ന് ചിന്തിച്ചത് ”ഞാന്‍ ഡ്രൈവ് ചെയ്തിട്ടില്ലെന്നാ”കും എ.ഐ. മനസിലാക്കുക. – അദ്ദേഹം വ്യക്തമാക്കി. ചാറ്റ് ജിപിടിക്കു സമാനമായ ആപ്ലിക്കേഷനാണു വാക്കുകള്‍ വേര്‍തിരിക്കാന്‍ ഉപയോഗിച്ചത്. തലച്ചോറിനു സ്വന്തമായി 42 ഘടകങ്ങളുള്ള ഒരു ”അക്ഷരമാല”യുണ്ടെന്നാണ് ഇതുവരെയുള്ള ഗവേഷണത്തില്‍ വ്യക്തമാകുന്നത്. വലിപ്പം, നിറം, സ്ഥലം എന്നിവ ചേര്‍ത്താണ് ആ ”അക്ഷരങ്ങള്‍”. ഇവയില്‍ ഓരോ ”അക്ഷരങ്ങളെയും” തലച്ചോറിലെ ഓരോ മേഖലകളാണു വേര്‍തിരിക്കുന്നത്. ഇവയെല്ലാം ചേര്‍ത്താണ് എ.ഐ. വാക്കുകള്‍ ഉണ്ടാക്കിയെടുക്കുന്നത്. കാണുന്ന ദൃശ്യങ്ങളെയും ഒരു വ്യക്തിയുടെ തലച്ചോറില്‍നിന്നു പരിമിതമായ രീതിയില്‍ വേര്‍തിരിച്ചെടുക്കാന്‍ എ.ഐക്ക് കഴിയുന്നുണ്ട്. ശരീരം തളര്‍ന്നു സംസാരശേഷിപോലുമില്ലാത്തവര്‍ക്കാകും തല്‍ക്കാലം എ.ഐ. സഹായം ലഭിക്കുകയെന്നു ഗവേഷണത്തിന്റെ ഭാഗമായ ഡോ. അലക്‌സാണ്ടര്‍ ഹത്ത് പറഞ്ഞു.
തലച്ചോറില്‍നിന്നു നേരിട്ട് ആശയവിനിമയം നടത്തുന്ന ഉപകരണത്തിനായുള്ള ഗവേഷണത്തിലാണ് എലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ന്യൂറല്‍ലിങ്ക്. തലയോട്ടിക്കുള്ളില്‍ പ്രത്യേകം ചിപ്പ് ഘടിപ്പിച്ച് ലക്ഷ്യം സാധിക്കാനാണു ന്യൂറല്‍ലിങ്കിന്റെ ശ്രമം. ഇതിനായി ശസ്ത്രക്രിയ അടക്കം നടത്തേണ്ടിവരും. എലികളിലടക്കമുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നുവരികയാണ്. ഇതിനിടയിലാണ് എം.ആര്‍.ഐ. സ്‌കാന്‍ ഉപയോഗിച്ചു തന്നെ തലച്ചോറില്‍നിന്നു വിവരം ലഭ്യമാക്കാമെന്ന കണ്ടെത്തല്‍.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →