മുഴുവന്‍ എന്‍.സി.പിയുമായി അജിത് ബി.ജെ.പി. പക്ഷത്തേക്ക്?

മുംബൈ: ശരദ് പവാറിന്റെ പിന്‍ഗാമിയായി അനന്തരവന്‍ അജിത് പവാര്‍ തന്നെ പാര്‍ട്ടി അധ്യക്ഷനായേക്കുമെന്ന സൂചന ശക്തം. ശരദ് പവാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായാകും പുതിയ അധ്യക്ഷന്‍ പ്രവര്‍ത്തിക്കുകയെന്ന അജിത്തിന്റെ പ്രഖ്യാപനം അതിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ”നേതൃമാറ്റത്തിന്റെ അനിവാര്യതയെക്കുറിച്ചു പവാര്‍ സാഹിബ് ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യവും കണക്കിലെടുത്തുള്ള തീരുമാനമായാണു ഞങ്ങളിതിനെ കാണുന്നത്. എല്ലാവരും കാലത്തിനനുസരിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്. അത് പവാര്‍ സാഹിബും ചെയ്തു. അതില്‍നിന്ന് അദ്ദേഹം പിന്മാറില്ല”- അജിത് പവാര്‍ പറഞ്ഞു. മേയ് ഒന്നിനുതന്നെ പവാര്‍ രാജി പ്രഖ്യാപിക്കാനിരുന്നതാണെന്നും എന്നാല്‍, മഹാവികാസ് അഘാഡിയുടെ റാലി കണക്കിലെടുത്താണ് 02/05/23 ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചതെന്നും അജിത് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി. പക്ഷത്തേക്കു ചായുന്ന അജിത് പവാര്‍ പാര്‍ട്ടി പിളര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു ശരദ് പവാര്‍ അധ്യക്ഷസ്ഥാനം ഒഴിയുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞമാസം മുംബൈയില്‍ നടന്ന എന്‍.സി.പി. സമ്മേളനത്തില്‍നിന്ന് അജിത് വിട്ടുനിന്നിരുന്നു.

ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്‍.സി.പിക്കാരനായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പവാര്‍ അരങ്ങൊഴിയുന്നതോടെ അജിത്തിന്റെ നേതൃത്വത്തില്‍ എന്‍.സി.പി, ബി.ജെ.പി. പാളയത്തിലെത്തുമെന്നാണു പൊതുവിലയിരുത്തല്‍.
അജിത് പവാര്‍ ബി.ജെ.പിയുമായി കൈകോര്‍ക്കുന്നതിനെ എതിര്‍ക്കുമെന്നാണു മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെ നിലപാട്. അത്തരമൊരു സര്‍ക്കാരിന്റെ ഭാഗമായി തുടരില്ലെന്നും ഷിന്‍ഡെ പക്ഷം വ്യക്തമാക്കുന്നു. അജിത് പവാര്‍ ഭരണസഖ്യത്തിലേക്കെത്തിയാല്‍ സ്വാഗതം ചെയ്യുമെന്നാണു ബി.ജെ.പി. നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →