ന്യൂഡല്‍ഹി: രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് വ്യാപക അക്രമങ്ങളുണ്ടായ ബിഹാറിലേക്ക് കേന്ദ്ര സേനയെ നിയോഗിച്ചു. കേന്ദ്ര സായുധ പോലീസ് സേന(സി.എ.പി.എഫ്)യുടെ പത്തു കമ്പനിയെയാണ് ബിഹാറില്‍ വിന്യസിക്കുക.
സശസ്ത്ര സീമാ ബെലി(എസ്.എസ്.ബി)ന്റെ അഞ്ചു കമ്പനിക്കൊപ്പം സി.ആര്‍.പി.എഫിന്റെ അഞ്ചു കമ്പനിയും ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയുമാണ് ബിഹാറിലേക്ക് നിയോഗിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച് 31 വെള്ളിയാഴ്ചയുണ്ടായ സാമുദായിക സംഘര്‍ഷത്തെത്തുടര്‍ന്ന് ബിഹാറിലെ നസാറാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നളന്ദ ആസ്ഥാനമായുള്ള ബിഹാര്‍ഷരീഫിലും വ്യാപക അക്രമണങ്ങളുണ്ടായി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നസാറാം സന്ദര്‍ശനം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. നസാറാമിലും ബിഹാര്‍ഷരീഫിലും സ്ഥിഗതികള്‍ ശാന്തമാണെന്നും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ബിഹാര്‍ പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എണ്‍പതോളംപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉന്നതതലയോഗം വിളിച്ചു. കലാപബാധിതരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അഞ്ചു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ജാഗ്രത പുലര്‍ത്താന്‍ പോലീസിനു നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍, അഭ്യൂഹങ്ങള്‍ പടരുന്നത് കര്‍ശനമായി തടയണമെന്നും ഉത്തരവിട്ടു. കലാപങ്ങള്‍ തടയുന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു.

