പ്രതിപക്ഷ ഐക്യത്തില്‍ നിലപാട് മാറ്റി മമത

കൊല്‍ക്കത്ത: പ്രതിപക്ഷ ഐക്യത്തില്‍ നിലപാട് മാറ്റി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു മമതയുടെ ആഹ്വാനം. 2024ല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കുറച്ച് ദിവസങ്ങള്‍ മുന്‍പ് പറഞ്ഞ മമതയുടെ മനംമാറ്റം പ്രതിപക്ഷ ഐക്യത്തിന് ശുഭ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

‘എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിച്ച് പോരാടി, ബിജെപിയെ രാജ്യത്തെ അധികാരക്കസേരയില്‍ നിന്ന് പുറത്താക്കണം’ പഞ്ചായത്ത് തിഞ്ഞെടുപ്പിന് മുന്നോടിയായി കൊല്‍ക്കത്തയിലെ സിറ്റി സെന്ററില്‍ ചൊവ്വാഴ്ച നടന്ന റാലിയില്‍ മമത പറഞ്ഞു, പ്രതിപക്ഷങ്ങള്‍ ഒന്നിച്ചുനിന്ന് ബിജെപിക്കെതിരെ വിജയകരമായി പോരാടണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയില്‍ ബിജെപിയുടെ പ്രധാന ലക്ഷ്യം പ്രതിപക്ഷ പാര്‍ട്ടികളായി മാറിയിരിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. ഭരണഘടനയുടെ അധഃപതനമാണിതെന്നും ‘ദുശ്ശാസന’നെ പുറത്താക്കി രാജ്യത്തെ രക്ഷിക്കണമെന്നും മമത തുറന്നടിച്ചു.

Share
അഭിപ്രായം എഴുതാം