കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു. 2023 മാർച്ച് 26 ഞായറാഴ്ച ഉച്ചക്ക് ഏകദേശം പന്ത്രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്ത് ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്റും മലയാളിയുമായ വിപിനാണ് തകർന്നു വീണ ഹെലികോപ്ടർ പറത്തിയത്. കമാണ്ടന്റ് സി ഇ ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്‍ല എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്‌ല ക്കാണ് അപകടത്തിൽ പരിക്കേറ്റതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ഹെലികോപ്ടർ ക്രൈൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്. അതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നു വീഴുന്ന ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. ടേക്ക് ഓഫ് ചെയ്ത് പറന്ന് ഉയരുന്ന ഹെലികോപ്ടർ ആകാശത്ത് വെച്ച് വട്ടം ചുറ്റി ഉടൻ താഴേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

