റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷില്ലോങ്: മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യത്തിനു പിന്തുണയുണ്ടെന്ന അവകാശവാദവുമായി ഗവര്‍ണറെ സമീപിച്ച എന്‍.പി.പി. നേതാവും മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മയ്ക്കു തിരിച്ചടി. 31 എം.എല്‍.എമാരുടെ പിന്തുണയാണു സാങ്മ അവകാശപ്പെട്ടത്. ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്.എസ്.പി.ഡി.പി) യാണു പിന്തുണ പിന്‍വലിച്ചത്. രണ്ട് എം.എല്‍.എമാരാണു പാര്‍ട്ടിക്കുള്ളത്. 60 അംഗ നിയമസഭയാണു മേഘാലയയിലേത്. പിന്തുണ പിന്‍വലിക്കുകയാണെന്ന് ഇന്നലെ എച്ച്എസ്പി.ഡി.പി അധ്യക്ഷന്‍ കെ.പി.പാങ്‌നിയാങ് കോണ്‍റാഡിനെ അറിയിച്ചു.

മുന്‍ ആഭ്യന്തര മന്ത്രിയും യു.ഡി.പി. സ്ഥാനാര്‍ഥിയുമായ എച്ച്.ഡി.ആര്‍. ലിങേ്ദാ അന്തരിച്ചതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ച സോഹിയോങ് നിയമസഭാമണ്ഡലം ഒഴികെ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യം വിട്ടെങ്കിലും ഫലപ്രഖ്യാപനത്തിനു ശേഷം രണ്ട് എം.എല്‍.എമാരുള്ള ബി.ജെ.പി എന്‍പിപിക്ക് പിന്തുണ അറിയിച്ചിരുന്നു.

11 സീറ്റുകള്‍ നേടിയ യു.ഡി.പിയാണ് രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും അഞ്ചു സീറ്റുകള്‍ വീതമുണ്ട്. ബി.ജെ.പി-എന്‍.പി.പി. വിരുദ്ധ സഖ്യം മേഘാലയയില്‍ സര്‍ക്കാരുണ്ടാക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാങ്മ അവകാശപ്പെട്ടു. തൃണമൂലും കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് യു.ഡി.പിയും അറിയിച്ചു. തങ്ങള്‍ക്ക് 31 പേരുടെ പിന്തുണയുണ്ടെന്നാണ് യു.ഡി.പിയുടെ അവകാശവാദം. ബി.ജെ.പി-എന്‍.പി.പി. സഖ്യം ഒഴികെയുള്ളവര്‍ ഒരുമിച്ചുനിന്നാല്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 31 സീറ്റുകളാകും.
കോണ്‍റാഡ് സാങ്മ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന യു.ഡി.പി. നേതാവ് ലക്‌മെന്‍ റൈബ്യൂ ആണു പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത്. അദ്ദേഹം വിളിച്ചുകൂട്ടിയ യോഗത്തില്‍ 29 എം.എല്‍.എമാരാണു പങ്കെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *