സ്പെഷ്യൽ റിപ്പോര്‍ട്ട്
ശ്രുതി ലാൽ

നാഗാലാന്‍ഡില്‍ പുതുചരിത്രമെഴുതി വനിതാ ജനപ്രതിനിധികള്‍

March 3, 2023 - 12:44 pm

നാഗാലാന്‍ഡ് നിയമസഭയില്‍ പുതുചരിത്രമെഴുതി ഇതാദ്യമായി വനിതാ ജനപ്രതിനിധികള്‍. സാല്‍ഹൗട്ടോനുവോ ക്രൂസ്, ഹെകാനി ജഖാലു എന്നീ സ്ത്രീകളാണ് നടാടെ നിയമസഭയുടെ പടിയേറുന്നത്. ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്. 1963-ല്‍ സംസ്ഥാന പദവി ലഭിച്ചശേഷം ഇതുവരെ നാഗാലാന്‍ഡില്‍ ഒരു വനിതാ പ്രതിനിധിപോലും 60 അംഗ നിയമസഭയില്‍ എത്തിയിരുന്നില്ല. മത്സരരംഗത്തും സ്ത്രീകളെ നിര്‍ത്താന്‍ പാര്‍ട്ടികള്‍ തയാറായില്ല. 1977-ല്‍ റാനോ എം. ഷയ്സ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതാണ് ഇതിന് അപവാദം. കഴിഞ്ഞവര്‍ഷം ബി.ജെ.പി. ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച ഫാങ്നോണ്‍ കോന്യാക്കാണ് നാഗാലാന്‍ഡില്‍നിന്ന് രാജ്യസഭയിലെത്തിയ ആദ്യവനിത.

View Post

ഇത്തവണ പക്ഷേ, കഥമാറി. നാലു വനിതകള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചു. എന്‍.ഡി.പി.പി. രണ്ടു പേര്‍ക്കും കോണ്‍ഗ്രസും ബി.ജെ.പിയും ഓരോ വനിതകളെയും തെരഞ്ഞെടുപ്പു ഗോദയിലിറക്കി. ഇവരില്‍ കോണ്‍ഗ്രസിന്റെ റോസി തോംസണും ബി.ജെ.പിയുടെ കഹൂലി സെമയും പരാജയം രുചിച്ചപ്പോള്‍ എന്‍.ഡി.പി.പിയുടെ സാല്‍ഹൗട്ടോനുവോ ക്രൂസ്, ഹെകാനി ജഖാലു എന്നിവര്‍ വിജയമധുരം നുകര്‍ന്നു.
വെസ്റ്റേണ്‍ അംഗാമി-8 മണ്ഡലത്തില്‍ കടുത്ത നേര്‍ക്കുനേര്‍ പോരാട്ടത്തിനൊടുവില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ക്രൂസ് ജയിച്ചുകയറിയത്. സ്വതന്ത്രസ്ഥാനാര്‍ഥി കെനെയ്ഹാഖോ നഖ്റോയെ വെറും ഏഴു വോട്ടിനാണ് ക്രൂസ് പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്തതില്‍ 49.74% വോട്ട് ക്രൂസ് നേടി. നഖ്റോയ്ക്ക് 49.69 ശതമാനത്തിന്റെ പിന്തുണലഭിച്ചു. നാട്ടില്‍ ഹോട്ടലുടമയാണ് ക്രൂസ്.

അഞ്ചു സ്ഥാനാര്‍ഥികള്‍ മാറ്റുരച്ച ദിമാപുര്‍-3 മണ്ഡലത്തില്‍ ആകെ പോള്‍ചെയ്തതില്‍ 45.16 ശതമാനം വോട്ട് അക്കൗണ്ടിലാക്കിയാണ് ഹെകാനി ജഖാലു ചരിത്രനേട്ടത്തില്‍ ക്രൂസിനൊപ്പം പങ്കാളിയായത്. ലോക് ജന്‍ശക്തി പാര്‍ട്ടി (രാംവിലാസ്)യുടെ അസെതോ ഷിമോമിയെയാണ് ജഖാലു തോല്‍പ്പിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിരുദധാരിയായശേഷം അമേരിക്കയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി അഭിഭാഷകയായി സേവനം അനുഷ്ഠിച്ചശേഷമാണ് ജഖാലു രാഷ്ട്രീയത്തിലിറങ്ങുന്നത്. നാരീശക്തി പുരസ്‌കാരജേത്രികൂടിയാണു ജഖാലു.

Share
Kreate@gmail.com'

Leave a Reply

Your email address will not be published. Required fields are marked *