ബംഗളുരു: തിരക്കേറിയ നഗരങ്ങളിലെ വാഹനയാത്ര ഒഴിവാക്കാന്‍ പത്തോ പതിനഞ്ചോ കിലോമീറ്റര്‍ യാത്ര ആകാശത്തുകൂടി ആക്കിയാലോ? ഇനി ഇങ്ങനെയൊരു ഓപ്ഷന് അധികം കാത്തിരിക്കേണ്ടിവരില്ല. ഐ.ഐ.ടി മദ്രാസ് സ്റ്റാര്‍ട്ടപ്പ് ഇലക്ട്രിക് ഫ്‌ളയിങ് ടാക്‌സിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചുകഴിഞ്ഞു. ഹെലികോപ്റ്ററിനേക്കാള്‍ വേഗത്തില്‍ യാത്ര സാധ്യമാക്കുമെന്ന അവകാശവാദത്തോടെ…
2017ല്‍ സ്ഥാപിതമായ സ്റ്റാര്‍ട്ടപ്പ് ഈ ആഴ്ച ബംഗളുരു എയ്‌റോ ഇന്ത്യ ഷോയിലാണ് പറക്കും ടാക്‌സിയുടെ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചത്. നഗരയാത്രകള്‍ വേഗമേറിയതും തടസരഹിതവുമാക്കുകയാണ് ദൗത്യമെന്ന് ഇ- പ്ലേന്‍ കമ്പനി അറിയിച്ചു. ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് മോഡലാണ് പ്രോട്ടോെടെപ്പ്. ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ റേഞ്ചാണ് അവകാശപ്പെടുന്നത്.
കാറുകളേക്കാള്‍ 10 മടങ്ങ് വേഗത്തില്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് ഫ്‌ളയിങ് ടാക്‌സിക്ക് കഴിയുമെന്ന് സ്റ്റാര്‍ട്ടപ്പ് ചൂണ്ടിക്കാട്ടുന്നു. യൂബര്‍ സാധാരണ ഈടാക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കൂടുതലാവും നിരക്കെന്നും അവര്‍ വിശദീകരിച്ചു. ലാന്‍ഡിങ്ങിനും ടേക്ക് ഓഫിനും ഒരുപാട് വിശാലമായ സ്ഥലം വേണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പാര്‍ക്ക് ചെയ്യാന്‍ 25 ചതുരശ്ര മീറ്റര്‍ ഇടം മതി. ഫ്ളൈറ്റിന് ഏകദേശം 200 കിലോ ഭാരമുണ്ട്. പ്രൊപ്പല്ലറുകളായി 4 ഡക്റ്റഡ് ഫാനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഒരു സവാരിയില്‍ രണ്ട് യാത്രക്കാര്‍ക്ക് ഇരിക്കാം. 150- 200 കിലോമീറ്റര്‍ വരെ വേഗതയാണ് വാഗ്ദാനം. 457 മീറ്റര്‍ (1,500 അടി) ആണ് പറക്കും ടാക്‌സിയുടെ പരമാവധി യാത്രാ ഉയരമെന്നും ഇ-പ്ലെയിന്‍ കമ്പനിയുടെ സി.ഇ.ഒ: പ്രഞ്ജല്‍ മേത്തയും സ്റ്റാര്‍ട്ടപ്പിന്റെ സി.ടി.ഒ: പ്രൊഫസര്‍ സത്യ ചക്രവര്‍ത്തിയും പറഞ്ഞു.
ഏത് നഗരത്തിലും റൂഫ് ടോപ്പ് മുതല്‍ റൂഫ് ടോപ്പ് അര്‍ബന്‍ എയര്‍ മൊബിലിറ്റിക്കു വരെ ഫ്ളൈയിങ് ടാക്‌സി അനുയോജ്യമാണ്. മോഡല്‍ വികസിപ്പിക്കുന്നതിനായി ഇപ്ലെയിന്‍ കമ്പനി ഏകദേശം 1 ദശലക്ഷം ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. പറക്കും ടാക്‌സി പറത്താന്‍ നിലവില്‍ പൈലറ്റ് വേണം. ഭാവിയില്‍ അതും ഓട്ടോമേറ്റഡ് ആക്കാനാണ് തീരുമാനം. ഇ-200ല്‍ പത്തും പതിനഞ്ചും കിലോമീറ്ററിലുള്ള 10 ചെറു യാത്രകള്‍ സാധ്യമാക്കാനാണ് കമ്പനിയുടെ ആദ്യ പ്ലാന്‍.



