ജനീവ: അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമായ സിറിയയിലും തുര്‍ക്കിയിലും ഭക്ഷ്യവസ്തുക്കളെത്തിക്കാന്‍ ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര സഹായംതേടി. ഇതിനുപിന്നാലെ, സഹായവുമായി കായികസംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
ദുരിത മേഖലയില്‍ അതിെശെത്യം തുടരുന്നതിനാല്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണ് യു.എന്നിന്റെ പദ്ധതി. ഒമ്പതു ലക്ഷത്തോളം പേര്‍ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലാണെന്നാണ് യു.എന്നിന്റെ കണക്ക്. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി 82.5 കോടി രൂപയും യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആദ്യഘട്ടമായി 1.76 കോടി രൂപയും വാഗ്ദാനം ചെയ്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 19.91 കോടി രൂപയും നല്‍കും.
സ്വദേശികളായ 32,000 പേരും വിദേശരാജ്യങ്ങളില്‍നിന്നുള്ള 8,294 പേരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, ലോകത്തിന്റെ വിവിധ മേഖലകളില്‍നിന്നെത്തിയ രക്ഷാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനും ദുരന്തഭൂമി സാക്ഷ്യംവഹിച്ചു. സുരക്ഷാ സാഹചര്യം വഷളായതിനെത്തുടര്‍ന്ന് 82 ഓസ്ട്രിയന്‍ സൈനികര്‍ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചതായി സൈനിക വക്താവ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായെന്ന് സൈനിക വക്താവ് പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറായില്ല. കുര്‍ദുകളുടെയും സിറിയന്‍ വിമതരുടെയും നിയന്ത്രണത്തിലുള്ള മേഖലകളില്‍ രക്ഷാപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് യു.എന്‍. മനുഷ്യാവകാശ വിഭാഗം കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു. അതേസമയം, ദീര്‍ഘകാലമായി ഏറ്റുമുട്ടല്‍ തുടരുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ സുഗമമാണെങ്കിലും സിറിയയില്‍ സ്ഥിതി ദയനീയമാണെന്നാണു പുറത്തുവരുന്ന വിവരം. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയില്‍, ഏകദേശം 40 ലക്ഷം പേര്‍ ദുരിതമനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളില്‍ നിന്ന് ഇവിടേക്ക് സഹായ വിതരണങ്ങളൊന്നും എത്തിയിട്ടില്ല. തങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ മാനുഷിക സഹായം എത്തിക്കാന്‍ അനുമതി നല്‍കിയതായി സിറിയന്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
തുര്‍ക്കിക്കും സിറിയയ്ക്കും ഇടയില്‍ അതിര്‍ത്തി കടന്നുള്ള പുതിയ മാനുഷിക സഹായകേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടെറസ് രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. സിറിയന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ അടുത്തയാഴ്ച യു.എന്‍. രക്ഷാ സമിതി യോഗം ചേര്‍ന്നേക്കും. സിറിയയിലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിലേക്ക് രണ്ട് പുതിയ വഴികള്‍ തുറക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് തുര്‍ക്കിയും അറിയിച്ചു.

