ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ചിത്രം വാട്‌സ്ആപ് പ്രൊെഫെല്‍ ചിത്രമാക്കി ആളുകളെ കബളിപ്പിക്കാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമിച്ച 22 വയസുകാരന്‍ അറസ്റ്റില്‍. ഇറ്റലിയില്‍ ജോലിചെയ്യുന്ന ജമ്മു സ്വദേശിയായ ജഗന്‍ദീപ് സിങ് ആണ് ന്യൂഡല്‍ഹിയില്‍ അറസ്റ്റിലായത്.
കുടുംബത്തോടൊപ്പം 2007 മുതല്‍ ഇറ്റലിയിലെ ഒഫനെന്‍ഗോയിലാണു ജഗന്‍ദീപ് താമസിക്കുന്നത്. ഇന്ത്യയില്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചു. ഇറ്റലിയില്‍നിന്ന് 12-ാം ക്ലാസ് പാസായി. തുടര്‍ന്ന് അവിടെ കമ്പനി തൊഴിലാളിയായി. നിരവധി യൂട്യൂബ് വീഡിയോകള്‍ കണ്ടശേഷമാണ് സിങ്ങിന് ആള്‍മാറാട്ട ആശയം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. കേസില്‍ ജഗന്‍ദീപിന്റെ കൂട്ടാളി അശ്വനി കുമാറും (29) അറസ്റ്റിലായിട്ടുണ്ട്. വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ട് സൃഷ്ടിക്കാന്‍ സിങ്ങിന് ഒ.ടി.പി നല്‍കിയത് അശ്വനിയുടെ ഫോണില്‍നിന്നാണ്. ഉപരാഷ്ര്ടപതിയുടെ ചിത്രം പ്രൊെഫെല്‍ ചിത്രമാക്കിയശേഷം ഈ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ഉന്നതോദ്യോഗസ്ഥരില്‍നിന്ന് സഹായം തേടി സന്ദേശങ്ങള്‍ അയച്ചിരുന്നെന്നാണു പോലീസ് പറയുന്നത്.
തട്ടിപ്പിനെക്കുറിച്ച് ആരോ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. പിന്നീടാണ് ഐ.പി. വിലാസം ഇറ്റലിയിലാണെന്നു കണ്ടെത്തുന്നത്. ഇതിനിടെ, ഒ.ടി.പി പങ്കിട്ട അശ്വനി കുമാറിനെ പഞ്ചാബില്‍നിന്നു പിടികൂടി. വിദേശികളുടെ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ്, ബാങ്കുകള്‍, റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ജഗന്‍ദീപ് സിങ്ങിന്റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചു. തുടര്‍ന്നാണ് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.