റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചൈനയുമായി യുദ്ധത്തിനു സാധ്യതയെന്ന് യു.എസ്

January 30, 2023 - 8:30 am

വാഷിങ്ടണ്‍: രണ്ടു വര്‍ഷത്തിനുള്ളില്‍ ചൈനയുമായി യുദ്ധത്തിനു സാധ്യതയെന്ന് യു.എസ് വ്യോമസേനാ മേധാവി ജനറല്‍ മൈക്കല്‍ എ.മിനിഹാന്‍. സൈനികര്‍ക്കു നല്‍കിയ കത്തിലാണ് എയര്‍ മൊബിലിറ്റി കമാന്‍ഡിന്റെ തലവന്‍ കൂടിയായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ, മിനിഹാന്റെ പ്രതികരണം യു.എസിന്റെ ഔദ്യോഗിക നിലപാടല്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2025 ല്‍ ചൈനയുമായി യുദ്ധമുണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം കത്തില്‍ പറയുന്നു. ഷി ചിന്‍പിങ് മൂന്നാം തവണയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2022 ഒക്‌ടോബറില്‍ വാര്‍ കൗണ്‍സിലും രൂപീകരിച്ചു. 2024 ല്‍ യു.എസിലും തയ്‌വാനിലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഈ വേളയില്‍ തയ്‌വാനിലേക്ക് കടന്നുകയറാന്‍ ചൈന സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുത്താമെന്ന് കത്തില്‍ പറയുന്നു. ഇതിനായി സജ്ജമായിരിക്കണമെന്നും അദ്ദേഹം സൈനികരോട് ആവശ്യപ്പെടുന്നു.

യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനാ സന്ദര്‍ശനം നടക്കാനിരിക്കെയാണ് കത്ത് പുറത്തുവരുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍, ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് അന്നത്തെ യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനു മറുപടി എന്ന നിലയില്‍ തയ്‌വാനു മുകളിലൂടെ മിെസെലുകളടക്കം പായിച്ച് വന്‍തോതിലുള്ള സൈനിക അഭ്യാസം ചൈന നടത്തി. ദ്രുതഗതിയിലുള്ള സൈനിക വിപുലീകരണം ചൂണ്ടിക്കാട്ടി, തയ്‌വാനില്‍ ചൈന ആക്രമണം നടത്തിയേക്കുമെന്ന് മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്ഥര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് മിനിഹാന്റെ കത്ത് പുറത്തുവന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *