കൊച്ചി: ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയ കേസില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിനു കൈമാറും. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയുള്ള വിപുലമായ അന്വേഷണം തീരുമാനിക്കുക.
ചലച്ചിത്രനിര്‍മാതാവടക്കമുള്ള കക്ഷികളില്‍നിന്നു ഹൈക്കോടതി ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. സൈബി ജോസ് 77 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ഹൈക്കോടതി വിജിലന്‍സ് രജിസ്ര്ട്രാറുടെ റിപ്പോര്‍ട്ട് ഡി.ജി.പിക്കു കൈമാറിയതോടെയാണു പ്രാഥമികാന്വേഷണം ആരംഭിച്ചത്. മറ്റ് അഭിഭാഷകരുടെ മൊഴി രേഖപ്പെടുത്തി. വിദേശത്തായിരുന്ന നിര്‍മാതാവും കൊച്ചിയിലെത്തി മൊഴിനല്‍കി. കഴിഞ്ഞ ബുധനാഴ്ച സൈബിയെ ചോദ്യംചെയ്തു. വാങ്ങിയതു വക്കീല്‍ ഫീസാണെന്നു ഹൈക്കോടതി വിജിലന്‍സിനു നല്‍കിയ അതേ മൊഴിയാണ് ഇയാള്‍ പോലീസിനും നല്‍കിയത്.
സൈബിക്കെതിരേ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ വിജിലന്‍സ് രജിസ്ട്രാര്‍ കഴിഞ്ഞമാസമാണു റിപ്പോര്‍ട്ട് നല്‍കിയത്. ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്റെ പേരില്‍ 25 ലക്ഷം, ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ പേരില്‍ രണ്ടുലക്ഷം, ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ പേരില്‍ 50 ലക്ഷം രൂപ വീതം സൈബി വാങ്ങിയതായി അറിയാമെന്നാണു ഹൈക്കോടതിയിലെ നാല് അഭിഭാഷകര്‍ നല്‍കിയ മൊഴി.

