നേട്ടങ്ങള്‍ വെളിപ്പെടുത്താത്ത സാമൂഹികമാധ്യമ താരങ്ങള്‍ക്ക് പിഴ

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ താരങ്ങള്‍ക്ക് പാരിതോഷികം, ഹോട്ടല്‍ താമസം, ഇക്വിറ്റി, ഡിസ്‌കൗണ്ടുകള്‍, പുരസ്‌കാരങ്ങള്‍ അടക്കമുള്ള നേട്ടങ്ങള്‍ പരസ്യപ്പെടുത്തണമെന്ന ചട്ടവുമായി കേന്ദ്രസര്‍ക്കാര്‍. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് പിഴ ചുമത്താനും നിയമനടപടി കൈക്കൊള്ളാനും വ്യവസ്ഥ.
ഏതെങ്കിലുമൊരു ഉത്പ്പന്നത്തെയോ സേവനത്തെയോ പദ്ധതിയെയോ പിന്തുണയ്ക്കുന്ന പക്ഷം നേട്ടങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം. അല്ലെങ്കില്‍ അത്തരം പ്രചാരണങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്താനും പുതിയ ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കാനും ഉപഭോക്തൃ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് അധിക നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 2019 ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പിഴ ചുമത്തും. ഉത്പാദകര്‍ക്കും പരസ്യക്കാര്‍ക്കും എന്‍ഡോഴ്‌സര്‍മാര്‍ക്കും 10 ലക്ഷംവരെ പിഴ ഈടാക്കാം. നിയമലംഘനം തുടര്‍ച്ചയായാല്‍ പിഴ 50 ലക്ഷം വരെ എത്താം.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളാണെങ്കില്‍ പിന്തുണയ്ക്കുന്നവരെ ഒരു വര്‍ഷത്തേക്ക് എന്‍ഡോഴ്‌സ്‌മെന്റുകളില്‍നിന്ന് വിലക്കാം. തെറ്റ് ആവര്‍ത്തിച്ചാല്‍ വിലക്ക് മൂന്നുവര്‍ഷം വരെ നീളാമെന്നും കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്ങ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റ് 20 ശതമാനം വളര്‍ച്ചയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് കടുത്ത നിയന്ത്രണങ്ങളെന്നതും ശ്രദ്ധേയം. 2025 -ല്‍ 2,800 കോടി രൂപയിലേക്ക് ഈ വളര്‍ച്ച എത്തുമെന്നാണ് കണക്കുകൂട്ടലുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →