മാമാങ്ക മഹോത്സവം: തിരുന്നാവായയിലെ സ്മാരകങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മാമാങ്ക മഹോത്സവത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളിൽ സന്ദർശനം നടത്തി. തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളായ മണിക്കിണർ, നിലപാടുതറ, മരുന്നറ, പഴുക്കാമണ്ഡപം, ചങ്ങമ്പള്ളി കളരി എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് ഫെബ്രുവരിയിൽ മാമാങ്ക മഹോത്സവം നടത്തുന്നത്. ഫെബ്രുവരി ഏഴിന് നടക്കുന്ന മാമാങ്ക മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെ തുടർന്ന് സംസ്ഥാന തലത്തിൽ കളരിപ്പയറ്റ് മത്സരം, പ്രാദേശിക ഉൽപന്നങ്ങളുടെ പ്രദർശന-വിപണനം, വിനോദ സഞ്ചാര മേഖലയിൽ ഉണർവ്വുണ്ടാക്കുന്ന പ്രവർത്തനങ്ങൾ, ചരിത്ര സെമിനാറുകൾ, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയവ നടത്തും. ഫെബ്രുവരി 6,7 തിയ്യതികളിൽ അങ്കവാൾ പ്രയാണവും നടക്കും.

മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം ചരിത്രവും പൈതൃകവും വർത്തമാന കാല സമൂഹത്തിന് പകർന്ന് നൽകുന്ന തരത്തിലാണ് മഹോത്സവം വിഭാവനം ചെയ്തിട്ടുള്ളത്. ചരിത്രവും ഐതിഹ്യങ്ങളും കെട്ട് പിണഞ്ഞ് കിടക്കുന്ന മാമാങ്കം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിപണന മേളയായിരുന്നു. പൈതൃക ടൂറിസത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മേളയെ ജില്ലയുടെ സാംസ്‌കാരിക ഉത്സവമാക്കി മാറ്റുന്നതോടൊപ്പം ചരിത്രരേഖകളുടെ ശേഖരണവും ക്രോഡീകരണവും നടപ്പിലാക്കും. ഭാവിയിൽ മാമാങ്കത്തെ ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ മേളകളിൽ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →