ഭിന്നശേഷിക്കാരുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായുളള പ്രത്യേക പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് വികസന സെമിനാർ

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2022 -2023 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ജില്ലാ പ്ലാനിംഗ് കമ്മിറ്റി സെക്രട്ടറിയേറ്റ് ഹാളിൽ ചേർന്നു. അഡ്വ.കെ.എം.സച്ചിൻ ദേവ് എം.എൽ.എ. സെമിനാർ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണം 25 വർഷം പിന്നിടുമ്പോൾ നിരവധി നേട്ടങ്ങളാണ് കേരളം കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ‘വൺ വർക്കിംഗ് ഗ്രൂപ്പ് വൺ ഐഡിയ’ എന്ന തരത്തിലാണ് വികസന സെമിനാറിൽ ആശയ രൂപീകരണം നടത്തിയത്.

ജില്ലാ പഞ്ചായത്തിന്റെ തനതു വരുമാനം വർദ്ധിപ്പിക്കുന്ന തരത്തിൽ ഫാമുകളിൽ നൂതന കൃഷി സംവിധാനം നടപ്പിൽ വരുത്തും. ജില്ലാ പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളുടെയും ഫയലുകളുടെ നീക്കം ഓൺലൈൻ ആക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും. ഫാം ടൂറിസം വിപുലീകരണം, കൃഷിയിടങ്ങളിൽ സമഗ്ര മെക്കനൈസേഷൻ പദ്ധതി, കർഷക കൂട്ടായ്മയിലൂടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ സംരംഭം ആരംഭിക്കൽ, ജില്ലയെ തരിശു രഹിതമാക്കൽ എന്നിവ നടപ്പിലാക്കും. മൂന്ന് പഞ്ചായത്തുകളിൽ പുതിയ എബിസി സെന്റർ, സെൻസറി പാർക്ക്, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പുനരധിവാസത്തിനുമായി പ്രത്യേക പദ്ധതി എന്നിവയും ആവിഷ്‌കരിക്കും.

ജെന്റർ വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി ജെന്റർ സ്റ്റഡി ഏറ്റെടുത്ത് നടപ്പിലാക്കുന്ന ആദ്യത്തെ ജില്ലാ പഞ്ചായത്താകാനുള്ള നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി മുപ്പത് അംഗ അക്കാദമിക് പഠന സംഘവും ജെന്റർ റിസോഴ്‌സ് സെന്റർ സംവിധാനവും നിലവിൽ വരുത്തുന്ന പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. വയോജന നയത്തിന്റെ ഭാഗമായി ജെറിയാട്രിക് വാർഡുകൾ പൂർത്തികരിക്കും.

മാനസിക രോഗ മുക്തരായവർക്ക് പുനരധിവാസം, ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഐ എ എസ്, ഐ പി എസ് ഉൾപ്പെടെ ഉള്ള സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകൽ, ജില്ലയെ സമഗ്ര കാർബൺ ന്യൂട്രൽ ആക്കുന്നതിനുള്ള പദ്ധതി. കണ്ടൽ കാടുകൾ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ, ജൈവ വൈവിദ്ധ്യ രജിസ്റ്റർ ജില്ലാ തലത്തിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ എന്നിവ സെമിനാറിലെ പ്രധാന നിർദ്ദേശങ്ങളായിരുന്നു.

Share
അഭിപ്രായം എഴുതാം