ഭണ്ഡാരത്തില്‍ നാണയം കുമിഞ്ഞുകൂടുന്നു; വേഗം എണ്ണാന്‍ ക്രമീകരണം

ശബരിമല: ഭണ്ഡാരത്തില്‍ പണം കുന്നുകൂടിയതിനെത്തുടര്‍ന്ന് ഇരുപതിന് മുന്‍പ് എണ്ണിത്തീര്‍ക്കാന്‍ കൂടുതല്‍ ക്രമീകരണം. അന്നദാന മണ്ഡപത്തില്‍ ഹാള്‍ ഒഴിച്ചുള്ള ഭാഗത്ത് പുതിയതായി പണം എണ്ണിത്തുടങ്ങി. ഇവിടെ ക്യാമറകള്‍ സ്ഥാപിക്കുകയും സുരക്ഷാ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. മാളികപ്പുറം ഭാഗത്ത് ഭണ്ഡാരത്തിലും പണം വേര്‍തിരിക്കുന്നുണ്ട്. പുതിയ ഭണ്ഡാരത്തിലാണ് തീര്‍ഥാടന കാലത്തിന്റെ തുടക്ക സമയത്ത് പണം എണ്ണിയത്. നാണയങ്ങള്‍ കൂടുതലായി വന്നതോടെ പഴയ ഭണ്ഡാരത്തിന്റെ മുകള്‍ ഭാഗത്തും താഴത്തെ നിലയിലും പണം എണ്ണല്‍ തുടങ്ങിയിരുന്നു. മകരവിളക്കായതോടെ കാണിക്കയായി വരുന്ന നാണയം ഉള്‍പ്പെടെയുള്ള പണം അതാത് ദിവസങ്ങളില്‍ എണ്ണി തീര്‍ന്നിരുന്നില്ല.
വെള്ളിയാഴ്ച (20.01.2023) യാണ് ശബരിമല നടയടയ്ക്കുന്നത്. ഈ ദിവസം പണം പൂര്‍ണമായി എണ്ണി തീര്‍ന്നില്ലെങ്കില്‍ ഭണ്ഡാരത്തിന്റെ പ്രവര്‍ത്തനം ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്.

ശബരീപീഠം മുതല്‍ സന്നിധാനം വരെയുള്ളതും മാളികപ്പുറത്തേയും വിവിധ വഞ്ചികളില്‍ നിന്നുള്ള പണവും ശ്രീകോവിലിന് മുന്നിലെ വഞ്ചിയില്‍ നിന്ന് കണ്‍വയര്‍ ബെല്‍റ്റ് വഴി എത്തുന്ന പണവുമാണ് ഭണ്ഡാരത്തില്‍ എത്തുന്നത്. പണത്തിന്റെ മൂന്ന് കൂനയാണ് എണ്ണി തീര്‍ക്കാനുള്ളത്. പതിവില്‍ നിന്ന് വ്യത്യസ്ഥതമായി മകരവിളക്കിന് ശേഷവും വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇതോടെ ഈ ദിവസങ്ങളില്‍ കാണിക്കപ്പണത്തിന്റെ വരവും വര്‍ധിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം