റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനമൊട്ടാകെ പശുക്കളില്‍ പടരുന്ന ചർമ്മമുഴ രോഗത്തിനെതിരെ ജില്ലയില്‍ പ്രതിരോധം ശക്തമാക്കി. ചർമ്മ മുഴ രോഗത്തിനെതിരെ കുത്തിവെയ്പ്പ് ക്യാംപയിൻ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം തൃക്കാക്കര വെറ്ററിനറി ഡിസ്പെന്‍സറിയില്‍ ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു.  നഗരസഭാ ചെയർപേഴ്സണ്‍ അജിത തങ്കപ്പന്റെ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ഡയറക്ടർ ഡോ. മറിയാമ്മ തോമസ് പദ്ധതി വിശദീകരിച്ചു. എറണാകുളം ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാർ റാണിക്കുട്ടി ജോർജ്ജ്, തൃക്കാക്കര നഗരസഭാ വൈസ് പ്രസിഡന്റ് എ.എ ഇബ്രാഹിംകുട്ടി, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ സ്മിത സണ്ണി, കൊച്ചി നഗരസഭാ വാർഡ് കൗണ്‍സിലർ പത്മജ മേനോന്‍, തൃക്കാക്കര വാർഡ് കൗണ്‍സിലർ മനൂപ്, എറണാകുളം ചീഫ് വെറ്റിനറി ഓഫീസർ ഡോ. രചന, വെറ്ററിനറി സർജന്‍ ഡോ.മീരാബെന്‍  വക്കച്ചന്‍ എന്നിവർ പ്രസംഗിച്ചു.

വളരെ വേഗം പടരുന്ന അസുഖമായതിനാൽ ജില്ലയിലെ എല്ലാ പശുക്കള്‍ക്കും സൗജന്യമായി ചർമ്മമുഴ രോഗത്തിനെതിരെയുളള പ്രതിരോധ കുത്തിവെയ്പ്പ് ജനുവരി 18 മുതല്‍ ഫെബ്രുവരി 24 വരെ നല്‍കും. ആടുകളില്‍ സാധാരണ കണ്ടുവരുന്ന പോക്സ് രോഗങ്ങള്‍ക്ക് നല്‍കുന്ന വാക്സിന്‍ പശുക്കളിലെ ചർമ്മമുഴക്ക് നല്ലതാണെന്ന് കണ്ടെത്തിയിരുന്നു. ഈ വാക്സിനാണ് നൽകുന്നത്. 

 ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടർമാരുടെ നേതൃത്വത്തില്‍ 117 സ്ക്വാഡ്  ജില്ലയില്‍ പ്രവർത്തിക്കും. നിലവില്‍ രോഗമുളള പശുക്കള്‍ക്ക്  പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നില്ല. 

ചർമ്മമുഴ രോഗലക്ഷണങ്ങള്‍

ആദ്യലക്ഷണം കന്നുകാലികളുടെ ശരീരത്തില്‍ മൂന്ന് മുതല്‍ അഞ്ച് സെന്‍റീമീറ്റർ വ്യാസത്തിലുളള  തടിപ്പാണ്. കടുത്ത പനിയ്ക്കൊപ്പം മുഴകള്‍ വലുതാകുന്നതാണ് അടുത്ത ഘട്ടം.
മുഴകള്‍പൊട്ടി വ്രണമായി മാറി അസഹനീയമായ വേദന ഉണ്ടാകുന്നു. 
കിടക്കാനും നില്‍ക്കാനും പ്രയാസമുണ്ടാകുന്നു. കിടന്നാല്‍ എഴുന്നേല്‍ക്കുന്നതിന് കഴിയില്ല.
വേദന കൂടുന്നതോടൊപ്പം പശുക്കള്‍ തീറ്റ എടുക്കാതെ വരികയും പാലുല്‍പാദനം വലിയതോതില്‍ കുറയുകയും ചെയ്യും. 
പോക്സ് ഇനത്തില്‍പ്പെട്ട വൈറസ് ആണ് രോഗം പടർത്തുന്നത്. രോഗം വളരെ വേഗം പടരുന്നത് ആയതിനാല്‍ രോഗപ്രതിരോധത്തിന് എല്ലാ പശുക്കള്‍ക്കും വാക്സിന്‍ നല്‍കണമെന്ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എ. ഗോപകുമാർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *