റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്ഷദ്വീപ് മുന്‍ എം.പിയുടെ സഹോദരനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു

January 16, 2023 - 9:44 am

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ലക്ഷദ്വീപ് മുന്‍ എം.പിയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. കേസിലെ ഒന്നാംപ്രതി നൂറുള്‍ അമീനെയാണു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പിരിച്ചുവിട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെയാണു നടപടി. അന്ത്രോത്ത് എം.ജി.എസ്.എസ്.എസ്. സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു നൂറുല്‍ അമീന്‍. കേസിലെ രണ്ടാം പ്രതിയായ മുന്‍ എം.പി. മുഹമ്മദ് ഫൈസലും നൂറുല്‍ അമീനും അടക്കമുള്ളവര്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. അധ്യാപകന്‍ സമൂഹത്തിന് അഹിംസയുടെ സന്ദേശം നല്‍കേണ്ട വ്യക്തിയാണ് എന്നാണു പിരിച്ചുവിടല്‍ സന്ദേശത്തില്‍ ഭരണകൂടം വ്യക്തമാക്കുന്നത്. നൂറുല്‍ അമീന്റെ പ്രവൃത്തി ഇതിനു ചേര്‍ന്നതല്ലെന്നും അഡ്മിനിസ്‌ട്രേറ്റര്‍ കൂട്ടിച്ചേര്‍ത്തു. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ നൂറുല്‍ അമീന്റെ സഹോദരന്‍ മുഹമ്മദ് ഫൈസലിനെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനായിരുന്നു. 2009 ല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. കേസിലെ നാലു പ്രതികള്‍ക്കും പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും കവരത്തി ജില്ലാ സെഷന്‍സ് കോടതി വിധിച്ചിരുന്നു.

പിന്നാലെ പത്തുവര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുഹമ്മദ് ഫൈസല്‍, സഹോദരന്‍ അമീന്‍ അടക്കം നാലു പ്രതികള്‍ കേരള ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഹര്‍ജി നാളെയാണു പരിഗണിക്കുന്നത്. കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷ്വനോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അപ്പീലില്‍ വിധി വരുന്നതുവരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കണമെന്ന എം.പിയുടെ ആവശ്യത്തിലും നാളെ വിശദമായ വാദം കേള്‍ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *