റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടുകാരറിയാതെ നൈറ്റ് റൈഡിങ്ങിനിറങ്ങിയ വിദ്യാർഥികൾ പിടിയില്‍

December 20, 2022 - 9:34 pm

രാത്രി സമയം  അപകടകരമായ രീതിയില്‍ ഇരു ചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളിൽ നടത്തിയ വാഹന പരിശോധനയിലാണ് റോയല്‍ എൻഫീൽഡ് ബുള്ളറ്റിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് കണ്ടെത്തിയത്. 18 വയസ്സില്‍ താഴെ പ്രായമുള്ള തൃശ്ശൂർ മാള സ്വദേശികളായ മൂന്നുപേരും പ്ലസ്ടുവിന് ഒരേ ക്ലാസ്സിൽ പഠിക്കുന്നവരാണ്. രാത്രി ഭക്ഷണം കഴിഞ്ഞ് വീടുകളിൽ ഉറങ്ങാൻ കിടന്ന ശേഷം  ഇവര്‍ രാത്രി 12 മണിയോടെ വീട്ടുകാർ അറിയാതെ വാഹനമെടുത്തു നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് എത്തിയതാണെന്ന് മനസ്സിലാക്കി. 

നൈറ്റ് റൈഡിങ്ങെന്ന പേരില്‍ വീട്ടുകാരറിയാതെ വാഹനമെടുത്ത് പുറത്തിറങ്ങിയ ശേഷം അവരുണരുന്നതിനു മുമ്പ് തിരിച്ചെത്തുന്നതാണ് ഇവരുടെ രീതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നുപേരുടെയും രക്ഷകർത്താക്കളെ വിളിച്ചുവരുത്തി കേസെടുത്ത ശേഷം കുട്ടികളെ അവരുടെ ഒപ്പം പറഞ്ഞയച്ചു.

വിമാനത്താവളത്തിന്റെ പരിസരങ്ങളിലൂടെയുള്ള റോഡുകളിൽ രൂപമാറ്റം വരുത്തിയ മോട്ടോർസൈക്കിൾ,  കാറുകൾ എന്നിവ അമിത വേഗതയിലും അപകടകരമായും ഓടിച്ച് തത്സമയം വീഡിയോ റെക്കോർഡ് ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്. രാത്രി സമയത്ത് ദേശീയപാതയിലൂടെയും പരിസരത്തുള്ള റോഡുകളിലൂടെയും അതിവേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശോധന സംഘടിപ്പിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *