കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും പ്രബലമായ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ 15-ാം സംസ്ഥാനസമ്മേളനം ശനിയാഴ്ച (17.12.2022 )തുടങ്ങും. തിങ്കഴാഴ്ച (19.12.2022) വരെ നീണ്ടുനില്‍ക്കും. ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്ത് സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്ത 1018 യൂണിയനുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 604 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനം സി.ഐ.ടി.യു. ജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷത വഹിക്കും.
സമ്മേളനത്തില്‍ ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, എ.ഐ.ടി.യു.സി. നേതാവ് കെ.ജി. പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിക്കും. കേരള കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പനോളി വല്‍സന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ചന്ദ്രന്‍ തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. സി.ഐ.ടി.യു. പ്രസിഡന്റ് കെ. ഹേമലത, വൈസ് പ്രസിഡന്റ് എ.കെ. പത്മനാഭന്‍, സെക്രട്ടറി ആര്‍. കരുമലയന്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി. നന്ദകുമാര്‍ വരവുചെലവ് കണക്കും അവതരിപ്പിക്കും. 19ന് പുതിയ ഭാരവാഹികളെയുംകമ്മിറ്റിയെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
തിങ്കഴാഴ്ച (19.12.2022) വൈകിട്ട് അഞ്ചു മണിക്കാണ് സമാപന പൊതുസമ്മേളനം. കോഴിക്കോട് ബീച്ചില്‍ സഖാവ് എം. വാസു നഗരിയിലാണ് പൊതുസമ്മേളനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തപന്‍ സെന്‍, ഡോക്ടര്‍ ഹേമലത, എളമരം കരീം എന്നിവര്‍ പ്രസംഗിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും. പ്രതിനിധികള്‍ വൈകുന്നേരം നാല് മണിക്ക് ടാഗോര്‍ ഹാളില്‍നിന്ന് പ്രകടനമായി പൊതുസമ്മേളനനഗരിയില്‍ എത്തിച്ചേരും. കേന്ദ്രീകരിച്ച പ്രകടനം നടത്തുന്നില്ല. സി.ഐ.ടി.യു. സമ്മേളനത്തിന്റെ ഭാഗമായി തൊഴിലാളി കൂട്ടായ്മകള്‍, കുടുംബസംഗമങ്ങള്‍ തുടങ്ങിയ ഒട്ടേറെ പരിപാടികളാണു സംഘടിപ്പിച്ചത്. സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി 16 സെമിനാറുകള്‍ സംഘടിപ്പിച്ചു.

