റഷ്യന്‍ ക്രൂഡിന് വിലപരിധി നിശ്ചയിച്ച് ജി 7

മോസ്‌കോ: റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ പുതിയ പരിധി ഏര്‍പ്പെടുത്തിയ ജി 7 രാജ്യങ്ങളുടെ തീരുമാനം വരും മാസങ്ങളില്‍ എണ്ണയുടെ ആഗോള വിതരണത്തെ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയ്ക്കിടെ എണ്ണവില ഉയര്‍ന്നു. വില ഉയര്‍ത്തുന്നതിനായി ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ തീരുമാനവും വര്‍ധനയ്ക്ക് കാരണമായി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില തിങ്കളാഴ്ച 2% ഉയര്‍ന്ന് ബാരലിന് 87.25 ഡോളറിലെത്തി.

റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് 60 ഡോളര്‍ വില പരിധിയാണ് ജി 7 ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുക്രൈനെതിരായ ആക്രമണ യുദ്ധത്തില്‍ നിന്ന് റഷ്യ ലാഭം നേടുന്നത് തടയാനാണിത്. എന്നാല്‍, വില പരിധി അംഗീകരിക്കില്ലെന്നും നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി നിര്‍ത്തുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ റഷ്യയുടെ ഈ നിലപാടു മൂലം എണ്ണ വില ഉയരുമെന്നാണു വിലയിരുത്തല്‍.

അതിനിടെ, ഉല്‍പ്പാദനം കുറയ്ക്കുക എന്ന നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് മുന്‍നിര എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പായ ഒപെക് വ്യക്തമാക്കി. ചില ചൈനീസ് നഗരങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും എണ്ണ വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →