ഡിസംബര്‍ 1 ന് ഡിജിറ്റല്‍ രൂപ വരുന്നു, കള്ളനോട്ടിന് അവസാനമോ? അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: റീട്ടെയില്‍ ഉപയോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ രൂപ ഡിസംബർ 1 ന് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കും. ഡിജിറ്റല്‍ ടോക്കണിന്റെ രൂപത്തിലായിരിക്കും ഡിജിറ്റല്‍ രൂപയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മൊത്തവിപണിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നവംബര്‍ ഒന്നിന് ആര്‍.ബി.ഐ. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിച്ചിരുന്നു.നിലവില്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന അതേ മൂല്യത്തില്‍ തന്നെ ഡിജിറ്റല്‍ രൂപ പുറത്തിറക്കും. ഇതു തെരഞ്ഞെടുത്ത ബാങ്കുകള്‍ വഴിയാകും വിതരണം ചെയ്യുക.ഡിജിറ്റല്‍ വാലറ്റ് വഴി ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ രൂപാ ഇടപാട് നടത്താന്‍ കഴിയുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യത പഠിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് ആര്‍.ബി.ഐ. സമിതിയെ നിയോഗിച്ചിരുന്നു.2022 ലെ ബജറ്റില്‍ ഡിജിറ്റല്‍ രൂപ സംബന്ധിച്ച പ്രഖ്യാപനം ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയിരുന്നു. ഡിജിറ്റല്‍ രൂപയുടെ അന്തിമ പതിപ്പ് ഇനിയും തയാറായിട്ടില്ല.

എന്താണ് ഇ-റുപ്പീ

ഇ-റുപ്പീ അല്ലെങ്കില്‍ ഡിജിറ്റല്‍ രൂപ ഇന്നു നിലവിലുള്ള കറന്‍സി നോട്ടുകള്‍ കൂടാതെയുള്ള ഒരു വിനിമയ മാര്‍ഗമായിരിക്കും. അതായത് ഇപ്പോഴുള്ള കറന്‍സി നോട്ടുകള്‍ക്കു പകരമാവില്ല. ഇതിന് ഇന്നുള്ള കറന്‍സി നോട്ടുകളുടെ സ്വഭാവം തന്നെയായിരിക്കും. പക്ഷേ, ഡിജിറ്റല്‍ രൂപത്തില്‍ ആകുന്നതുകൊണ്ട് ധനകാര്യ ഇടപാടുകള്‍ കൂടുതല്‍ സുഗമവും വേഗമുള്ളതുമാകും. നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന സെക്യൂരിറ്റി പേപ്പര്‍ ആര്‍ബിഐക്ക്/ സമ്പദ്ഘടനയ്ക്ക് ലാഭിക്കുകയും ചെയ്യാം. ഇ-രൂപ നിലവിലുള്ള പേപ്പര്‍ കറന്‍സിയോട് എല്ലാത്തരത്തിലും സാദൃശ്യമുള്ള ഡിജിറ്റല്‍ കറന്‍സി ആയിരിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍, നമ്മുടെ ഇപ്പോഴത്തെ ‘ഹാര്‍ഡ്’ കോപ്പിയും ‘സോഫ്റ്റ്’ കോപ്പിയും തമ്മിലുള്ള വ്യത്യാസം പോലെ. ഡിജിറ്റല്‍ കറന്‍സിയായതുകൊണ്ട് മൂല്യം സംരക്ഷിക്കാനുള്ള തനതായ കോഡോ മറ്റ് മാര്‍ഗരേഖകളോ കൂടി ഉണ്ടാവും. കള്ളനോട്ടു പോലെ ഡിജിറ്റല്‍ ലോകത്തും വ്യാജന്മാര്‍ എത്താതിരിക്കാനുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടാവും.

ആരാണ് ഈ ഡിജിറ്റല്‍ കറന്‍സി ഇറക്കുക ?

കറന്‍സി ഇറക്കുവാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ആര്‍ബിഐയ്ക്കാണ്. ഒരു കറന്‍സിക്ക് വേണ്ടുന്ന 3 സ്വഭാവങ്ങളും ഇതിനുമുണ്ടാവും: ധനകാര്യ വിനിമയത്തിനുള്ള ഉപാധി, ഇടപാടുകള്‍ക്കുള്ള കണക്കിന് ആധാരം, നിര്‍ണയിക്കപ്പെട്ട മൂല്യത്തിന്റെ കലവറ. പേപ്പര്‍ കറന്‍സി ഇറക്കുമ്പോള്‍ അത് റിസര്‍വ് ബാങ്കിന്റെ ‘ബാധ്യതയും’ (ലയബിലിറ്റി), കൈവശമുള്ള ആളിന്റെ/സ്ഥാപനത്തിന്റെ ‘ആസ്തിയും’ (അസെറ്റ്) ആവുന്നു. അതു തന്നെയാകും ഈ ഡിജിറ്റല്‍ കറന്‍സിയിലും.

ഒമ്പത് ബാങ്കുകള്‍


ഡിജിറ്റല്‍ കറന്‍സിയുടെ മൊത്ത ഇടപാടില്‍ തുടക്കത്തില്‍ ഏര്‍പ്പെടുക ഒമ്പത് ബാങ്കുകളാണ്. പൊതുമേഖലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് എന്നിവയും സ്വകാര്യമേഖലയിലെ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നിവയും.

ആദ്യം മൊത്ത ഇടപാട്


മൊത്ത ഇടപാടിനുള്ള കറന്‍സിയാണ് ആര്‍ബിഐ ആദ്യം പുറത്തിറക്കുന്നത്. കടപ്പത്രങ്ങളുടെയും ഓഹരികളുടെയും ഇടപാട് നടക്കുന്ന ദ്വിതീയ വിപണിയിലാണ് ആദ്യം ഉപയോഗിക്കുക. തുടര്‍ന്ന് ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് പ്രയോജനപ്പെടുത്തും. രാജ്യാന്തര തലത്തിലും ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. ഒരുമാസത്തിനകം റിട്ടെയില്‍ ഇടപാടും അനുവദിക്കാനാണ് പദ്ധതി.

ക്രിപ്റ്റോകറന്‍സിയോട് സാമ്യം?


വികേന്ദ്രീകൃതമായ ഡിജിറ്റല്‍ ആസ്തിയാണ് ക്രിപ്റ്റോകറന്‍സി. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള വിനിമയമാധ്യമമാണിത്. അതായത്, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള കേന്ദ്രീകൃത നിയന്ത്രണത്തിലല്ലാതെയുള്ള പ്രവര്‍ത്തനമാണ് ക്രിപ്റ്റോയുടേത്. രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ അംഗീരിക്കാന്‍ മടിച്ചതും ഇടപാടുകള്‍ വിവാദമായതും അതുകൊണ്ടാണ്. അതില്‍നിന്ന് വ്യത്യസ്തമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്ക് അച്ചടിക്കുന്ന രൂപയ്ക്കുള്ളതുപോലെ നിയമസാധുത ലഭിക്കും. സര്‍ക്കാര്‍ പിന്തുണയോടെയുള്ള, ആന്തരിക മൂല്യുള്ള കറന്‍സി നോട്ട് കൈവശം സൂക്ഷിക്കുന്നതിന് തുല്യമായിരിക്കും ഡിജിറ്റല്‍ കറന്‍സിയും. കംപ്യൂട്ടര്‍ ശൃംഖലകള്‍ ഉപയോഗിച്ചുള്ള ഖനനത്തിലൂടെയാണ് ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ രുപപ്പെടുത്തുന്നത്. ഡിജിറ്റല്‍ കറന്‍സിയാകട്ടെ റിസര്‍വ് ബാങ്കാണ് പുറത്തിറക്കുക.

എത്രതരം ഇ-രൂപ?

ഇപ്പോഴത്തെ ആശയമനുസരിച്ച് രണ്ടുതരം ഡിജിറ്റല്‍ കറന്‍സികളാണ് വരിക. മൊത്തക്കച്ചവടങ്ങള്‍ക്കായിട്ടുള്ള ഇ-രൂപയും (ഹോള്‍സെയില്‍) സാധാരണ ഇടപാടുകള്‍ക്കുള്ളവയും (ഇ-രൂപ റീട്ടെയ്ല്‍). ആദ്യത്തേത് ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കും ബാങ്കുകളും റിസര്‍വ് ബാങ്കും തമ്മിലുള്ള വിനിമയത്തിനും സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കേണ്ട കാശിനു പകരവും ഒക്കെയാകും ഉപയോഗിക്കാന്‍ സാധ്യത. രണ്ടാമത്തെ വിഭാഗം സാധാരണ വിപണിയിലോ വ്യക്തികള്‍ തമ്മിലോ ഉള്ള ഇടപാടുകള്‍ക്കു വേണ്ടിയാകും. ഇ-രൂപ റീട്ടെയ്ല്‍ എന്ന കറന്‍സി ഇപ്പോള്‍ നാം ഉപയോഗിക്കുന്ന കാശിന്റെ ഒരു ഇലക്ട്രോണിക് രൂപമാകും.

ഇ-രൂപയുടെ സുരക്ഷ?

കേന്ദ്ര ബാങ്കുകളുടെ ഡിജിറ്റല്‍ കറന്‍സികള്‍ ഒന്നുകില്‍ ഒരു ടോക്കണിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ അവയെല്ലാം കൂടി സ്വരൂപിക്കുന്ന ഒരു അക്കൗണ്ട് മുഖേനയോ നിയന്ത്രിക്കാം. ഓരോ ഡിജിറ്റല്‍ ഇ-രൂപ കറന്‍സിക്കും ഇപ്പോഴുള്ള പേപ്പര്‍ കറന്‍സിയുടെ നമ്പര്‍ പോലെ ഒരു ഇലക്ട്രോണിക് ടോക്കണ്‍ ഉണ്ടാകാം. അത് ആരുടെ കൈവശമാണോ ഉള്ളത് അവര്‍ക്കായിരിക്കും അതിന്റെ ഉടമസ്ഥാവകാശം. (ടോക്കണ്‍ എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ഇലക്ട്രോണിക് സോഫ്റ്റ്വെയറിലൂടെ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന സുരക്ഷാ സംവിധാനത്തിനാണ് . അക്കൗണ്ട് വഴിയാണ് ഇവ നിയന്ത്രിക്കുന്നതെങ്കില്‍ ഒരു ബാങ്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും മധ്യസ്ഥ സ്ഥാപനമോ വേണ്ടിവരും. ഇതില്‍ ഏതായിരിക്കും റിസര്‍വ് ബാങ്ക് അന്തിമമായി തീരുമാനിക്കുക എന്നത് പറയാറിയിട്ടില്ല.)

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →