ജിഷ കൊലക്കേസ്: പ്രതിയെ അസമിലേക്ക് മാറ്റാനാകില്ലെന്നു സുപ്രീംകോടതി

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ നിലവിലെ ജയില്‍ചട്ട പ്രകാരം അസമിലേക്കു മാറ്റാനാകില്ലെന്നു സുപ്രീം കോടതി. ജയില്‍മാറ്റം ആവശ്യമാണെങ്കില്‍ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ 2014 ലെ ചട്ടങ്ങള്‍കൂടി ഹര്‍ജിയില്‍ ചോദ്യം ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അമീറുളിന്റെ ഹര്‍ജി അടുത്ത മാസം അഞ്ചിനു പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി. കേരളത്തില്‍നിന്ന് അസമിലേക്കു ജയില്‍മാറ്റം ആവശ്യപ്പെട്ടാണ് അമീറുള്‍ ഇസ്ലാം ഹര്‍ജി നല്‍കിയിരിക്കുന്നത്. ഭാര്യയും മാതാപിതാക്കളും അസമിലാണെന്നും അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നും തന്നെ സന്ദര്‍ശിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു ജയില്‍മാറ്റം അനുവദിക്കാനാകില്ലെന്നാണ് 2014 ലെ ജയില്‍ചട്ടത്തിലെ 587-ാം വകുപ്പ് പറയുന്നതെന്നു ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വധശിക്ഷയ്ക്കെതിരേയുള്ള അപ്പീല്‍ കോടതിയുടെ പരിഗണനയിലാണെങ്കിലും അവരെ മറ്റൊരു ജയിലിലേക്കു മാറ്റാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ നിലനില്‍ക്കെ അസമിലേക്കു മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല-ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്നു വിയ്യൂര്‍ ജയിലിലാണ് അമീറുള്‍.

കുടുംബാംഗങ്ങളെ കാണുകയെന്ന മൗലികാവകാശം സംരക്ഷിക്കണമെന്നും അടിസ്ഥാന മനുഷ്യാവകാശ പ്രശ്നമാണ് ഇതെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ഇതേ അവശ്യമുന്നയിച്ച് അമീറുള്‍ ഇസ്ലാം അസം ഗവര്‍ണറെ സമീപിച്ചിരുന്നു. എന്നാല്‍, കേരളത്തിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഇടപെടാന്‍ വിസമ്മതിച്ചു. വധശിക്ഷയ്ക്കെതിരേ അമീറുള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. നിയമ വിദ്യാര്‍ഥിനിയെ 2016 ഏപ്രില്‍ 28-നാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →