ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പേരെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളി. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീലാണ് ജസ്റ്റിസുമാരായ രമേശ് സിൻഹ, സരോജ് യാദവ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്.
ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് തുടങ്ങി ബിജെപിയുടെ പ്രമുഖ നേതാക്കളുൾപ്പെടെ 32 പേരെ കുറ്റവിമുക്തരാക്കിയാണ് 2020 സെപ്റ്റംബർ 30-ന് പ്രത്യേക കോടതി ജഡ്ജി എസ്. കെ. യാദവ് വിധി പ്രഖാപിച്ചത്. ഇതിനെതിരെയാണ് അയോധ്യ നിവാസികളായ ഹാജി മഹ്‌മൂദ് അഹമ്മദ്, സെയ്ദ് അഖ്‌ലഖ് അഹമ്മദ് എന്നിവർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തിൽ മുൻകൂറായി തയ്യാറാക്കിയ പദ്ധതിയോ ക്രിമിനൽ ഗൂഢാലോചനയോ ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ചാണ് പ്രത്യേക കോടതി 32 പ്രതികളെ കുറ്റവിമുക്തരാക്കിയത്. എന്നാൽ സംഭവത്തിന് തങ്ങൾ ദൃക്‌സാക്ഷികൾ മാത്രമല്ല ബാബറി മസ്ജിദ് തകർപ്പെട്ടതിനെ തുടർന്ന് തങ്ങളുടെ വീടുകൾ നശിപ്പിക്കപ്പെട്ടതുൾപ്പെടെ വലിയ സാമ്പത്തികനഷ്ടം നേരിടേണ്ടി വന്നതായും രണ്ടാം ഹർജിക്കാരൻ അപ്പീലിലൂടെ കോടതിയെ ബോധിപ്പിച്ചിരുന്നു. കൂടാതെ അന്വേഷണ ഏജൻസിയുടേയോ പോലീസിന്റേയോ സർക്കാരിന്റേയോ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

