കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം തുടങ്ങി. തെരഞ്ഞടുപ്പ് ഫണ്ടിനെ സംബന്ധിച്ചാണ് പ്രാഥമിക അന്വേഷണം. നിയമസഭാ തെരഞ്ഞെടുപ്പിനായി ഫണ്ട് സ്വീകരിച്ചത് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്ന് വിജിലന്‍സിന്റെ കണ്ടെത്തലുകളെ തുടര്‍ന്നാണ് അന്വേഷണം.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണം കടുപ്പിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷണം തുടങ്ങിയത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാജി, പണം പിരിച്ചത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡം പാലിക്കാതെയാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായതോടെയാണു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രാഥമിക അന്വേഷണം നടത്തുന്നത്. രസീത് നല്‍കി 10,000 രൂപ വരെ മാത്രമേ വാങ്ങാവൂ എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടം.
എന്നാല്‍, കണ്ണൂരിലെ വീട്ടില്‍നിന്നും വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത പണം, തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു കാണിച്ച്, തിരികെ ലഭിക്കാന്‍ ഷാജി കോടതിയില്‍ ഹാജരാക്കിയ രസീതുകള്‍ പലതും ഇരുപതിനായിരത്തിനു മുകളിലുള്ളതാണ്. ഇതാണ് ഇപ്പോള്‍ ഷാജിക്ക് കൂടുതല്‍ കുരുക്കായി മാറിയത്.
കെ.എം. ഷാജി തെരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ കണക്കുകളിലും വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജിലന്‍സില്‍നിന്നു പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു.വിജിലന്‍സിനും തെരഞ്ഞെടുപ്പ് കമ്മിഷനും പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ഷാജിയുടെ പണമിടപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്

