കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. പത്താം നമ്പര്‍ ഡി-ബ്ലോക്കിന്റെയും ടോയ്‌ലറ്റ് കെട്ടിടത്തിന്റെയുമിടയിലാണ് മൊബൈല്‍ ഫോണ്‍ കുഴിച്ചിട്ടിരുന്നത്. പരിശോധനക്കിടെ തറയില്‍ മണ്ണിളകിയ നിലയില്‍ കാണപ്പെട്ടതിനാല്‍ കുഴിച്ചുനോക്കിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് സിം കാര്‍ഡില്ലാത്ത ഫോണ്‍ കിട്ടിയത്. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാചകമുറിയില്‍നിന്ന് രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്തതിനെത്തുടര്‍ന്ന് ജയില്‍സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുരുതരമായ സുരക്ഷാവീഴ്ച്ച ജയില്‍ എ.ഡി.ജി.പിയെ അറിയിക്കാന്‍ വൈകിയെന്ന കുറ്റത്തിനാണു സസ്‌പെന്‍ഡ് ചെയ്തത്. ഇതിനുശേഷം ജയില്‍ വളപ്പിലെ തെങ്ങിന്‍മുകളില്‍നിന്ന് ആറു മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പാര്‍പ്പിച്ചിരുന്ന ആറാം ബ്ലോക്കിന്റെ സമീപത്തെ തെങ്ങില്‍നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഇതിനുശേഷവും ജയിലില്‍നിന്നും കഞ്ചാവും മൊബൈല്‍ ഫോണും കണ്ടെത്തിയതതോടെ ജയില്‍വകുപ്പ് വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞദിവസം ചപ്പാത്തി കൗണ്ടറില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതീവഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടെന്ന് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ അക്രമക്കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുള്‍പ്പെടെ ആയിരത്തോളം പോരാണ് ജയില്‍ അന്തേവാസികളായുള്ളത്. എന്നാല്‍ സുരക്ഷാവീഴ്ചയുടെ പേരില്‍ ജയില്‍സൂപ്രണ്ടിനെ മാത്രം ബലിയാടാക്കിയെന്ന ആരോപണം സേനയില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്.



