പച്ച തൊടാതെ പാകിസ്താന്‍

പെര്‍ത്ത്: ട്വന്റി20 ക്രിക്കറ്റ് സൂപ്പര്‍ 12 ല്‍ പാകിസ്താനു വീണ്ടും തോല്‍വി. ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ സിംബാബ്വേ പാകിസ്താനെ ഒരു റണ്ണിനാണു തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ എട്ട് വിക്കറ്റിന് 130 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന്റെ പോരാട്ടം എട്ടിന് 129 റണ്ണെന്ന നിലയിലായിരുന്നു.ബ്രാഡ് ഇവാന്‍സ് എറിഞ്ഞ അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍. മുഹമ്മദ് നവാസും മുഹമ്മദ് വാസിമും (13 പന്തില്‍ പുറത്താകാതെ 12) ക്രീസില്‍ നില്‍ക്കേ കണക്കുകള്‍ പാക് അനുകൂലം.

ആദ്യ പന്തില്‍ നവാസ് മൂന്ന് റണ്ണും പിന്നാലെ വാസിം ഫോറുമടിച്ചതോടെ മത്സരം പ്രതീക്ഷിച്ചതു പോലെ. മൂന്നാമത്തെ പന്തില്‍ ഒരു റണ്ണും പിറന്നു. നാലാം പന്ത് നേരിട്ട നവാസിനു റണ്ണെടുക്കാനായില്ല. സമ്മര്‍ദത്തിലായ നവാസ് (18 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 22) അഞ്ചാം പന്ത് ക്രെയ്ഗ് ഇര്‍വിന്റെ കൈയിലേക്ക് അടിച്ചിട്ടു. അതോടെ ലക്ഷ്യം ഒരു പന്തില്‍ മൂന്ന് റണ്‍. അവസാന പന്ത് നേരിട്ട ഷഹീന്‍ ഷാ അഫ്രീഡി ലോങ് ഓണിലേക്ക് നീട്ടിയടിച്ചു. രണ്ടാം റണ്ണായി തിരിച്ചോടിയ ഷഹീനു പിഴച്ചു. സികന്ദര്‍ റാസയുടെ ത്രോ വിക്കറ്റ് കീപ്പര്‍ റേഗിസ് ചകാബ്വയുടെ കൈകളിലേക്ക്. സമ്മര്‍ദത്തില്‍ പന്ത് കൈപ്പിടിയില്‍നിന്നു വഴുതിയെങ്കിലും പിടിച്ചെടുത്ത ചകാബ്വ വിക്കറ്റ് തെറുപ്പിച്ചു. ഷഹീനിന്റെ ക്രീസിലേക്കുള്ള ഡൈവിങ്ങ് വിഫലം.ഇന്ത്യയോടേറ്റ തോല്‍വിയില്‍നിന്നു കരകയറും മുമ്പാണു പാകിസ്താനെ അടുത്ത ദുരന്തം നേരിട്ടത്. രണ്ട് കളികളും തോറ്റ പാകിസ്താനും ഹോളണ്ടും ഏറ്റവും പിന്നിലാണ്.അവരുടെ സെമി സാധ്യതകള്‍ നൂല്‍പ്പാലത്തിലൂടെയായി. 25 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സികന്ദര്‍ റാസ മത്സരത്തിലെ താരമായി. ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റും ബ്ലെസിങ് മുസര്‍ബാനി, ലൂക് ജോങ്വേ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.

മുന്‍നിരയില്‍ ഷാന്‍ മസൂദ് (38 പന്തില്‍ 44) മാത്രമാണു തിളങ്ങിയത്. മുഹമ്മദ് റിസ്വാന്‍ (16 പന്തില്‍ 14), നായകന്‍ ബാബര്‍ അസം (നാല്), ഇഫ്തിഖര്‍ അഹമ്മദ് (അഞ്ച്), ഹൈദര്‍ അലി (0) എന്നിവര്‍ നിറംമങ്ങി. ഷാബാദ് ഖാന്റെ (14 പന്തില്‍ ഒരു സിക്സറടക്കം 17) പോരാട്ടവും ടീമിനു രക്ഷയായില്ല.സിംബാബ്വേയ്ക്കു വേണ്ടി സീന്‍ വില്യംസ് (28 പന്തില്‍ 31) ടോപ് സ്‌കോററായി. നായകനും ഓപ്പണറുമായ ക്രെയ്ഗ് ഇര്‍വിന്‍ (19 പന്തില്‍ 19), ഓപ്പണര്‍ വെസ്ലി മാധ്വീറെ (13 പന്തില്‍ 17), ബ്രാഡ് ഇവാന്‍സ് (15 പന്തില്‍ ഒരു സിക്സറടക്കം 19) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. പാകിസ്താനു വേണ്ടി മുഹമ്മദ് വാസിം നാല് വിക്കറ്റെടുത്തു. ഷാബാദ് ഖാന്‍ മൂന്ന് വിക്കറ്റും ഹാരിസ് റൗഫ് ഒരു വിക്കറ്റുമെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →