റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനതാദള്‍ ‘പരിവാര്‍’ ലയന നീക്കവുമായി നിതീഷ്

October 21, 2022 - 12:31 pm

പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജനതാദള്‍ പാരമ്പര്യമുള്ള പാര്‍ട്ടികളുടെ ലയനത്തിന് ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നീക്കം.ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുടെ ലയനത്തിനായാണ് അദ്ദേഹം അണിയറ നീക്കം തുടങ്ങിയത്. ജനതാദളി(യു)ല്‍ പിളര്‍പ്പുണ്ടാക്കാനുള്ള ബി.ജെ.പി നീക്കങ്ങളെ ചെറുക്കാന്‍ ആര്‍.ജെ.ഡിയുമായി ലയനം സഹായിക്കുമെന്നാണു നിതീഷിന്റെ പ്രതീക്ഷ. ആര്‍.ജെ.ഡി നേതൃത്വവുമായി പ്രാരംഭ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ആര്‍.ജെ.ഡി.- ജെ.ഡി(യു) സര്‍ക്കാര്‍ രൂപീകരണം ഇരുപാര്‍ട്ടികളുടെയും അണികളെ കൂടുതല്‍ അടുപ്പിച്ചുണ്ടെന്നാണു നേതാക്കളുടെ അവകാശവാദം. ആര്‍.ജെ.ഡി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടിയുടെ പതാകയും പേരും മാറ്റാനുള്ള അധികാരം പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനു നല്‍കി പ്രമേയം പാസാക്കിയത് ലയനത്തിനു വഴിയൊരുക്കാനാണെന്ന വിലയിരുത്തലുണ്ട്.

ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം തേജസ്വി യാദവിനു കൈമാറി സംയുക്ത ജനതാ പാര്‍ട്ടിയുടെ നേതാവായി ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടു മാറാനാണു നിതീഷിന്റെ നീക്കം. പുനരേകീകരണമെന്ന നിതീഷിന്റെ പദ്ധതിയോട് യു.പിയിലെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനും ഹരിയാനയിലെ ഐ.എന്‍.എല്‍.ഡി. നേതാവ് ഓം പ്രകാശ് ചൗത്താലയ്ക്കും അനുകൂല നിലപാടാണ്. നിതീഷിന്റെ നേതൃത്വം അംഗീകരിക്കാനും അഖിലേഷും ചൗത്താലയും തയാറാണ്.ജനതാദള്‍ പരിവാര്‍ പാര്‍ട്ടികളെ യോജിപ്പിച്ചാല്‍ കോണ്‍ഗ്രസിനേക്കാള്‍ ശക്തമായ പ്രതിപക്ഷ പാര്‍ട്ടിയാകാമെന്നാണു നിതീഷിന്റെ വിശ്വാസം. പ്രതിപക്ഷ ഐക്യചര്‍ച്ചകളില്‍ പ്രധാനമന്ത്രി പദത്തിനു കോണ്‍ഗ്രസുമായി വിലപേശാന്‍ പുതിയ പാര്‍ട്ടിക്കു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തണമെങ്കില്‍ കോണ്‍ഗ്രസും ജനതാദള്‍ പരിവാറും ഇടതു പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നതാണു നിതീഷിന്റെ നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *