റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇത്രയും വലിയൊരു സംഘം സർക്കാർ ചെലവിൽ യാത്ര നടത്തിയത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

October 11, 2022 - 7:13 am

കോഴിക്കോട്: മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശയാത്രയ്ക്ക് പോകുന്നതിന് പ്രതിപക്ഷം എതിരല്ലെന്നും എന്നാൽ യാത്ര സർക്കാർ ചെലവിലാകുമ്പോൾ എന്തിന് വേണ്ടിയാണ് പോയതെന്നത് സംബന്ധിച്ച് വ്യക്തമായ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബ സമേതമാണ് വിദേശത്തേക്ക് പോയത്. രാഷ്ട്രീയക്കാരെയും ഭരണനേതൃത്വത്തെയും കുറിച്ച് പൊതുസമൂഹത്തിന് ആക്ഷേപമുള്ള ഇക്കാലത്ത് ഇക്കാര്യങ്ങളിലെല്ലാം സുതാര്യത ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദേശയാത്ര കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമാണ് ഉണ്ടാകാൻ പോകുന്നതെന്ന് ഇതുവരെ വ്യക്തമാക്കാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ സാധിച്ചിട്ടില്ല. എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പോയതെന്ന് പ്രതിപക്ഷത്തിന് പോലും അറിയില്ല. ഒരു സുതാര്യതയും ഇല്ലാത്ത തട്ടിക്കൂട്ട് യാത്രയാണിത്. സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാനുള്ള ഒന്നും ഇതുവരെ നടത്തിയിട്ടില്ല. രഹസ്യമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്ത് പോയത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്നും യാത്രയ്ക്കുള്ള പണം എവിടെ നിന്ന് കിട്ടിയെന്നുമൊക്കെ മുഖ്യമന്ത്രി തന്നെയാണ് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്.

ഇത്രയും വലിയൊരു സംഘം സർക്കാർ ചെലവിൽ യാത്ര നടത്തിയത് എന്തിനാണ്? മുൻപ് നടത്തിയ യാത്രകൾ കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന പ്രതിപക്ഷം ചോദിച്ചിരുന്നു. അന്ന് മുന്നൂറ് കോടിയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് പറഞ്ഞത്. എന്നിട്ട് മൂന്നു കോടി രൂപയുടെയെങ്കിലും നിക്ഷേപമുണ്ടായോ? എവിടെയാണ് പോകുന്നതെന്നോ എന്താണ് പരിപാടിയെന്നതോ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മാധ്യമങ്ങൾക്ക് പോലും നൽകാതെയാണ് മുഖ്യമന്ത്രിയും സംഘവും പോയത്. സർക്കാർ ചെലവിലാണ് യാത്രയെന്നതിനാൽ യാത്ര പരസ്യമാക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തെളിവുകൾ സഹിതം സ്വപ്ന നടത്തിയ ഗൗരവതരമായ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ല. ഗൗരവതരമായ ആരോപണങ്ങൾ 164 മൊഴിയിൽ ഉണ്ടായിട്ടും അന്വേഷണം നടന്നില്ലെന്നത് വിചിത്രമാണ്. കേന്ദ്ര ഏജൻസികൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുമ്പോൾ കേരളത്തിലെ സി.പി.എമ്മുമായി അവർ സൗഹൃദത്തിലാണ്. സി.പി.എമ്മും ബി.ജെ.പി നേതൃത്വവും തമ്മിൽ ധാരണയിൽ എത്തിയെന്ന ആരോപണത്തിന് അടിവരയിടുന്ന കാര്യങ്ങളാണ് കേന്ദ്ര ഏജൻസികളും സംസ്ഥാനവും ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *