റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജഡ്ജിമാരുടെ നിയമനം: കൊളീജിയത്തില്‍ ഭിന്നത

October 8, 2022 - 11:04 am

ന്യൂഡല്‍ഹി: പിന്‍ഗാമിയെ നാമനിര്‍ദേശം ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കി. ഒഴിവുള്ള നാലു സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് രേഖാമൂലം ശിപാര്‍ശ നല്‍കിയതിനെച്ചൊല്ലി മുതിര്‍ന്ന ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് കേന്ദ്രനീക്കം.

വിരമിക്കാന്‍ ഒരുമാസം മാത്രം ബാക്കിനില്‍ക്കെ ചീഫ് ജസ്റ്റിസിനു പുതിയ നിയമനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജയ് കൃഷ്ണന്‍ കൗള്‍, കെ.എം. ജോസഫ്, അബ്ദുള്‍ നസീര്‍ എന്നിവര്‍ക്കാണു ചീഫ് ജസ്റ്റിസ് നിര്‍ദേശം കൈമാറിയത്.

പിന്‍ഗാമിയെ നാമനിര്‍ദേശം ചെയ്തുകഴിഞ്ഞാല്‍, ചീഫ് ജസ്റ്റിസ് ലളിതിനു ജഡ്ജിമാരുടെ നിയമനത്തിനുള്ള സുപ്രീം കോടതി സമിതിയായ കൊളീജിയം വിളിച്ചുചേര്‍ക്കാനും കഴിയില്ല. നവംബര്‍ എട്ടിനാണു ജസ്റ്റിസ് യു.യു. ലളിത് വിരമിക്കുന്നത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടുത്ത ചീഫ് ജസ്റ്റിസാകും. പിന്‍ഗാമിയെ നാമനിര്‍ദേശം ചെയ്യാന്‍ ആവശ്യപ്പെട്ട കേന്ദ്ര നിയമമന്ത്രാലയം പതിവില്‍നിന്നു വ്യത്യസ്തമായി ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.

അതേസമയം, ഒഴിവുള്ള നാലു ജഡ്ജിമാരുടെ നിയമനത്തിനായി ചീഫ് ജസ്റ്റീസ് രേഖാമൂലം നിര്‍ദേശം നല്‍കിയതിനെ കൊളീജിയത്തിലെ രണ്ടു ജഡ്ജിമാര്‍ എതിര്‍ത്തു. നിയമനത്തില്‍ സമവായം ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.ചട്ടപ്രകാരം, വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ചീഫ് ജസ്്റ്റിസിനു പുതിയ നിയമനങ്ങള്‍ നടത്താന്‍ കഴിയില്ല.

രണ്ട് ജഡ്ജിമാരുടെ നിയമനങ്ങളില്‍ തന്റെ മുന്‍ഗാമിയായ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനാകുന്നത് ഈ ചട്ടം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ലളിത് തടഞ്ഞിരുന്നു.
മൂന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും ഒരു മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതു സെപ്റ്റംബര്‍ 30-ന് പരിഗണിക്കേണ്ടിയിരുന്നു. എന്നാല്‍, ജസ്റ്റിസ് ചന്ദ്രചൂഡിന് തിരക്കായിരുന്നതിനാല്‍ കൊളീജിയം ചേരാന്‍ കഴിഞ്ഞില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *