കൊല്ലം : പത്ത് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. കൊല്ലം ഇ.എസ്.ഐ ജംഗ്ഷന് സമീപം വെട്ടിയിൽ യദു കൃഷ്ണൻ (23) കേരളപുരം വേലംകോണം അനിഷ് ഭവനിൽ അഭിലാഷ് (32) എന്നിവരാണ് അറസ്റ്റിലായത്. സാധനം ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്നതാണെന്ന് എക്ലൈസ് സ്പെഷ്യൽ സ്ക്വാഡിനോട് പ്രതികൾ വെളിപ്പെടുത്തി. ആന്ധ്രാപ്രദേശിൽ നിന്ന് 4000 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് കേരളത്തിൽ വില്പന നടത്തുന്നത് 25,000 മുതൽ 50,000 രൂപ വരെവിലക്കാണ്.
എട്ടുപേരടങ്ങുന്ന സംഘം കഴിഞ്ഞ 18ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് കാർ മാർഗം കഞ്ചാവ് എത്തിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 2022 ഓഗസ്റ്റ് 28ന് പുലർച്ചെ കേരളപുരം കെ.പി.പി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇരുവരും പിടിയിലായത്.
രണ്ടര കിലോ വീതമുള്ള 20 പായ്ക്കറ്റാണ് സംഘം കൊല്ലത്ത് എത്തിച്ചത്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.സ്പെഷ്യൽ സ്ക്വാഡ് സി.ഐ ടോണി ജോസ്, ഇൻസ്പെക്ടർ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള എക്ലൈസ് സംഘമാണ് 10 കിലോ കഞ്ചാവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്



