കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ. അതിജീവിതയും ഇക്കാര്യം ചൂണ്ടിക്കാട്ടി വിചാരണ കോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച അപേക്ഷ ജഡ്ജി ഹണി എം റോസിന് ഇരുകൂട്ടരും സമർപ്പിച്ചു.
സിബിഐ കോടതിക്കാണ് കേസ് നടത്താൻ കോടതി അനുമതി നൽകിയിരിക്കുന്നതെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. ജോലിഭാരം മൂലം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ല എന്ന് ഹൈക്കോടതി മുൻപ് നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലാണെന്ന് തീരുമാനിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹർജിയിൽ ആവശ്യപ്പെട്ടു.
ഹണി എം വർഗ്ഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേറ്റപ്പോൾ കേസിന്റെ രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇത് സംബന്ധിച്ച് പ്രതികളുടെ ആക്ഷേപം സമർപ്പിക്കാൻ സമയം നൽകുകയും ചെയ്തിരുന്നു. 2022 ആഗസ്റ്റ് മാസം 11ന് കേസ് വീണ്ടും പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സെഷൻസ് ജഡ്ജി ഹണി എം വർഗീസ് തന്നെ വിചാരണ നടത്തുമെന്നും കോടതി അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഉത്തരവിന് പിന്നാലെ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേക കോടതിയിൽ നിന്ന് കേസ് രേഖകളെല്ലാം സെഷൻസ് കോടതിയിലേക്ക് മാറ്റി. ഹണി എം വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ ആവശ്യം തള്ളി ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഉത്തരവ് ഇറക്കിയത്. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തിൽ നടി ആവശ്യപ്പെട്ടിരുന്നു.
എറണാകുളം സിബിഐ കോടതി ജഡ്ജിയായി പ്രവർത്തിക്കുന്നതിനിടെയാണ് വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ ഹണി എം വർഗീസിനെ വിചാരണ ചുമതല ഏൽപ്പിച്ചത്. പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും സിബിഐ കോടതിയിലെ വിചാരണ തുടരുകയായിരുന്നു. എറണാകുളം സിബിഐ കോടതിയിൽ നിന്ന് കേസിന്റെ നടത്തിപ്പ് കഴിഞ്ഞ ദിവസമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുൻപും നടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല.

