മറയൂർ: കാന്തല്ലൂരിലെ കൃഷിയിടത്തിലും ജനവാസമേഖലയിലുമിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ പോയ രാജൻ ആനയുടെ കൊമ്പുകൾക്കിടയിൽ നിന്ന് ജീവിതത്തിലേക്ക് . അടിതെറ്റി കാട്ടാന വീണപ്പോൾ കാന്തല്ലൂർ ഗ്രാമത്തിലെ ദണ്ഡായുധന്റെ മകൻ രാജൻ (42) രക്ഷപ്പെട്ടത് മരണത്തിൽ നിന്ന്. ആനയുടെ കൊമ്പുകൾക്കിടയിൽ പ്പെട്ടതിനാൽ രാജന് കുത്തേറ്റില്ല.. ഈസമയത്ത് ആന തെന്നിവീഴുകയും ചെയ്തു. എങ്കിലും തലയ്ക്കു ചവിട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2022 ജൂലൈ 31 ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കാന്തല്ലൂർ ഭ്രമരം വ്യൂപോയിന്റിനുതാഴെ ആടിവയലിലായിരുന്നു സംഭവം
മറയൂർ ഡി.എഫ്.ഒ. എം.ജി.വിനോദ്കുമാർ, കാന്തല്ലൂർ റേഞ്ച് ഓഫീസർ മനോജ്, പഞ്ചായത്തംഗങ്ങൾ, റാപ്പിഡ് റെസ്‌പോൺസ് ടീമംഗങ്ങൾ, ഗ്രാമവാസികൾ എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികംപേരാണ് കാട്ടാനകളെ തുരത്താൻ പോയത്. കുളച്ചിവയൽ ഭാഗത്തുനിന്ന നാല് കാട്ടാനകളെ ഭ്രമരം വ്യൂ പോയിന്റിന് താഴേക്ക് തുരത്തി. ഇതിലെ രണ്ട് ആനകൾ ആടിവയൽഭാഗത്തേക്ക്: രാജനും കൂടെയുണ്ടായിരുന്ന ഗോപിയും രാമസ്വാമിയും കൈവശമിരുന്ന പടക്കം തീർന്നതിനെത്തുടർന്ന് മടങ്ങുമ്പോൾ, തുരത്തിയ കാട്ടാനകളിൽ ഒന്നിന്റെ മുന്നിൽപ്പെടുകയായിരുന്നു. മറ്റുരണ്ടുപേർ ഓടിരക്ഷപ്പെട്ടു.
പരിക്കേറ്റ രാജനെ പഞ്ചായത്തംഗം പി.ടി.തങ്കച്ചന്റെ നേതൃത്വത്തിൽ മറയൂർ സഹായഗിരി ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകി. മുഖത്തെ എല്ല് പൊട്ടിയതിനാൽ ഉദുമൽപേട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി