എന്താണ് ബഫർ സോൺ ?
1972ലെ വന്യജീവി നിയമത്തിലെ 18, 26A, 35 എന്നീ വകുപ്പുകൾ പ്രകാരമാണ് ബഫർസോൺ ഉണ്ടാക്കുവാൻ വിധിക്കുന്നതെന്ന് 2022 ജൂൺ മൂന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞിട്ടുണ്ട്. വന്യജീവി കേന്ദ്രത്തിന്റെ ഭാഗം തന്നെ. വന്യജീവി കേന്ദ്രത്തിന്റെ ചുറ്റിലും ആകാശദൂരം ഒരു കിലോമീറ്റർ പ്രദേശം കൂടി വന്യജീവി കേന്ദ്രമായി ഇതോടെ. ഇടുക്കി വന്യജീവി കേന്ദ്രവും അത് ഉൾപ്പെട്ട വനത്തിന്റെയും അതിർത്തിയും നമുക്ക് വ്യക്തമായി അറിയാം. അതിൻറെ പുറത്ത് ആകാശദൂരം ഒരു കിലോമീറ്റർ അതിർത്തി വരച്ചാൽ എന്താകുമെന്ന് ഇവിടത്തെ താമസക്കാരായ നാട്ടുകാർക്ക് അറിയാം. അതിന് സാറ്റലൈറ്റ് സർവേയുടെ ആവശ്യം ജനങ്ങൾക്കില്ല.
Read more: കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?
കട്ടപ്പന മുനിസിപ്പാലിറ്റിയും എത്ര പഞ്ചായത്തും വരും?
കട്ടപ്പന മുനിസിപ്പാലിറ്റി, കാഞ്ചിയാർ, അയ്യപ്പൻകോവിൽ , ഉപ്പുതറ, അറക്കുളം, ഉടുമ്പന്നൂർ, കഞ്ഞിക്കുഴി, വാഴത്തോപ്പ്, കാമാക്ഷി, മരിയാപുരം പഞ്ചായത്തുകൾ അപ്പാടെ വന്യജീവി കേന്ദ്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇതിൽ എത്ര ആയിരം കുടുംബങ്ങൾ, സ്ഥാപനങ്ങൾ, ഉപജീവന ഉപാധികൾ! ഇവരെല്ലാം എന്തുചെയ്യും? ഒരു വന്യജീവി കേന്ദ്രത്തിൽ പാടുള്ള കാര്യങ്ങൾ ഇനിമേൽ അനുസരിക്കാൻ ബാധ്യസ്ഥരാണ്. ഉദ്യോഗസ്ഥർ ആവശ്യപ്പെടാത്ത കുറവ് മാത്രമാണ് ഉള്ളത്. എതിർത്താൽ ജാമ്യമില്ലാത്ത വകുപ്പും അറസ്റ്റും ജയിലും. അനുസരിച്ചാൽ വനംപാച്ചറുടെ ജോലി നിർവഹിച്ചു കഴിയാം. ഇതാണ് കൃഷിക്കാരനും കച്ചവടക്കാരനും മുമ്പിൽ കാത്തിരിക്കുന്ന ഭാവി.
Read More : എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?
ബഫർസോൺ യാഥാർത്ഥ്യം എന്ത് ?
EFL, ESA ; ഇപ്പോൾ ESF എന്ന പേരിൽ ബഫർ സോണും. മറ്റു വിധങ്ങളിൽ കാർഡമം റിസർവിൽ വനം വകുപ്പ് നിയന്ത്രണങ്ങളും ഇടപെടലുകളും. ദീർഘനാളത്തെ സഹനങ്ങളുടെയും സമരങ്ങളുടെയും ഒടുവിൽ ലഭിച്ച പട്ടയഭൂമിയിൽ നിർമ്മാണ നിരോധനം അടക്കം വേറെയും ചില പ്രശ്നങ്ങൾ.
Read More: ജീവിക്കാനുള്ള അവകാശം ഇല്ലാതാവുമ്പോള്‍ സര്‍ക്കാരും സംഘടനകളും ഇരുട്ടില്‍ തപ്പരുത്.
എല്ലാം എന്തിനുവേണ്ടി ?
എല്ലാം എന്തിനുവേണ്ടി എന്ന് ചോദിക്കാതെ വയ്യ. ചേർത്തുവെച്ച് പരിശോധിക്കാതെയും വയ്യ. ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാകുന്ന ഒരു കാര്യം. ഇതിനെല്ലാം ഉപയോഗപ്പെടുത്തുന്നത് വനം വന്യജീവി നിയമങ്ങളാണ്. ESZ -72ലെ വന്യജീവി നിയമമനുസരിച്ച് ഏറ്റെടുക്കുന്ന പ്രദേശമാണ്. വന്യജീവി കേന്ദ്രം എന്ന് വ്യക്തം. EFL വനസംരക്ഷണത്തിന്റെ ഭാഗമായ വനഭൂമിയും. ESA യും നിർമ്മാണ നിരോധനവും എന്തിന് എന്ന് വ്യക്തമാണ്. ആ പ്രദേശങ്ങളിൽ സാമൂഹ്യ സാമ്പത്തിക വളർച്ചയും മനുഷ്യന്റെ ജീവിതഉപാധികളുടെ വികസനവും ഉണ്ടാവരുത്. എല്ലാം തടയണം.
എന്തിനാണെന്ന് വ്യക്തമാണ്. കൂടുതൽ പ്രദേശം ഉടനെ വനമാക്കണം. ബാക്കിയുള്ള സ്ഥലത്ത് ജനജീവിതം മരവിപ്പിക്കണം. വരാൻ പോകുന്ന കാലത്ത് ഏറ്റെടുക്കേണ്ടി വരുമ്പോൾ കാര്യമായ ജനവാസം ഉണ്ടാകരുത്. പശ്ചിമഘട്ടത്തെ മുഴുവൻ ജനരഹിതമാക്കുവാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ഇതെല്ലാം.
Read More: കേരള സർക്കാർ നീക്കത്തിൽ ബഫർ സോൺവനത്തിൽ പെടുന്ന ജീവിതങ്ങൾ രക്ഷപെടുമോ?
സുപ്രീംകോടതി എന്താണ് വിധിച്ചത് ?
സുപ്രീംകോടതി വിധി വ്യക്തമാണ്. എല്ലാ വന്യജീവി കേന്ദ്രത്തിന് ചുറ്റിലും ഒരു കിലോമീറ്റർ രേഖപ്പെടുത്തി റിപ്പോർട്ട് നൽകാൻ മുഖ്യ വനപാലകനോടും സഹായിക്കാൻ ചീഫ് സെക്രട്ടറിയോടും ഉത്തരവിട്ടിരിക്കുകയാണ്.
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാമെന്ന് വിധിയിൽ പറഞ്ഞിട്ടില്ല. സർക്കാർ ആവശ്യപ്പെട്ടാൽ മുംബൈ, ചെന്നൈ എന്നീ മഹാനഗരങ്ങളിലുള്ള രണ്ട് വന്യജീവി കേന്ദ്രങ്ങളുടെ പോലെയുള്ള സ്ഥിതി ഉണ്ടെങ്കിൽ മാത്രം അത് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയോട് നിർദ്ദേശിച്ചിട്ടുണ്ട്. അത്രമാത്രം. ഇത് ചൂണ്ടിക്കാട്ടി സർക്കാരുകൾ ആവശ്യപ്പെടുന്നതെല്ലാം ഒഴിവാക്കി വിധി വരും എന്ന് എങ്ങനെ വിശ്വസിക്കാനാവും. കേന്ദ്രം പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചാൽ തന്നെ തീരുമാനം കേന്ദ്രത്തിന്റെതല്ലല്ലോ! സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധിയല്ലേ നടന്നു കഴിഞ്ഞത്? ഈ കേസിൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം ഉന്നയിക്കപ്പെട്ടിരുന്നു. അതിനെല്ലാം ശേഷമല്ലേ വിധി? അവ ഒരിക്കൽ കൂടി ഉന്നയിച്ചാൽ വിധി മറ്റെന്തെങ്കിലും ആയി മാറുമോ? ഇല്ല. അതാണ് വസ്തുത.
Read More: ബഫർസോൺ പ്രശ്നത്തിൽ യു ഡി എഫിന്റെയും ബി ജെ പിയുടെയും നിർദേശങ്ങൾ പരിഹാരമാകുമോ?
ഒരു കിലോമീറ്ററാണെന്ന് ആരു പറഞ്ഞു?
ഒരു കിലോമീറ്റർ ആണ് എന്ന് ആരു പറഞ്ഞു? സർക്കാർ പറഞ്ഞോ? കോടതി പറഞ്ഞോ? ഇല്ല. 10 കിലോമീറ്റർ വരെ എന്ന് തീരുമാനിച്ച് വിജ്ഞാപനം രണ്ടുതവണ ഇറക്കി ചിലയിടത്ത് നടപ്പാക്കിയും കഴിഞ്ഞു. അത് വിധിയിൽ എടുത്തു പറയുന്നുണ്ട്.
എവിടെയെങ്കിലും ആർക്കെങ്കിലും 10 കിലോമീറ്റർ വരെ വേണമെന്ന് ആവശ്യമുണ്ടെങ്കിൽ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിക്ക് മുൻപാകെ പരാതിപ്പെടാനും കമ്മിറ്റിയോട് വേണ്ട ശുപാർശ നൽകാനുമാണ് വിധിയിൽ! എന്നിട്ട് ഒരു കിലോമീറ്ററിന്റെ കാര്യമാണെന്ന തർക്കം ഉയർത്തി എല്ലാം ലഘൂകരിക്കുന്നത് ജനവഞ്ചനയാണ്.
Read more: കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?
ഈ ശബ്ദം അതിജീവനത്തിന്റേത്.
തലമുറകൾ വളർത്തിയെടുത്ത ജീവിതവും അതിനെ താങ്ങി നിർത്തിയിരിക്കുന്ന സകല സമ്പത്തുകളും വനത്തിന് അതീതമാകുന്നതാണ് സാഹചര്യം.
വനഭൂമിയിലെവിടെ ഇനി പട്ടയം? കിട്ടിയ പട്ടയത്തിന് എന്തുവില? കെട്ടിടത്തിന് എന്ത് വില? ആരു വാങ്ങാൻ? വാങ്ങിയിട്ട് എന്ത് കാര്യം? ആരു വായ്പ നൽകാൻ? നൽകിയാൽ ആരിൽ നിന്ന് ഈടാക്കും? അതിജീവനത്തിന്റെ വഴിയിൽ ജനജീവിതം ചക്രവാസം വലിക്കുകയാണ് ഇവിടെ. തിരിച്ചറിവിൻറെ വെളിച്ചത്തിൽ നീതി തേടിയുള്ള പോരാട്ടങ്ങൾക്ക് ഇടുക്കി വന്യജീവി കേന്ദ്രത്തിന് ചുറ്റിലുമുള്ള പഞ്ചായത്തുകളിലെ സംഘടനകളും പൊതുപ്രവർത്തകരും കട്ടപ്പന ദർശന ഹാളിൽ ചേർന്ന് തുടക്കം കുറിച്ചുകഴിഞ്ഞു. വ്യാപകമായി അതിജീവന സമ്മേളനങ്ങൾ നടത്തപ്പെടും. ഓഗസ്റ്റ് 21, 22, 23 തീയതികളിൽ മൂന്ന് വാഹനജാഥകൾ ആരംഭിക്കും. 24ന് കട്ടപ്പനയിൽ ഏകദിന സത്യാഗ്രഹം നടക്കും. സുപ്രീംകോടതിയിൽ ജീവിക്കുവാനുള്ള മൗലിക അവകാശം സംരക്ഷിച്ചു കിട്ടുവാൻ ഹർജിയടക്കം നിയമനടപടികളും ആരംഭിക്കും.
ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888
അറിയിപ്പ്
കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.