ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ഡാര്‍ജീലിങ്ങില്‍ കുറച്ച് ദിവസം മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടി തീരുമാനിച്ചതെന്നത് ശ്രദ്ധേയമാണ്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയുമാണ് മത്സരരംഗത്തുള്ളത്. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. വോട്ടെടുപ്പില്‍ മമതയുടെ പാര്‍ട്ടിയുടെ പിന്തുണ ഗവര്‍ണറും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ജഗ്ദീപ് ധന്‍കര്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

