** കാര്‍ഷിക- വ്യാവസായിക പ്രദര്‍ശന മേള ജൂലൈ 23 മുതല്‍
കര്‍ക്കിടക വാവിനോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ ഒന്നായ അരുവിക്കരയില്‍ വിപുലമായ തയ്യാറെടുപ്പുക്കളുമായി അരുവിക്കര ഗ്രാമ പഞ്ചായത്ത്. ജനങ്ങള്‍ക്ക് സുരക്ഷിതമായി ബലിതര്‍പ്പണം നടത്താനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു പറഞ്ഞു. കര്‍ക്കിടക വാവുബലി ദിവസമായ ജൂലൈ 28ന് വെളുപ്പിന് നാല് മണി മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. മുന്‍ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി അരിവേവിച്ച് പിണ്ഡം വെച്ച് ബലിയിടുന്ന രീതിയിലാണ് ഇത്തവണ ചടങ്ങ് നടക്കുക.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബലി തര്‍പ്പണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ഇത്തവണ വലിയ തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നൊരുക്കുങ്ങള്‍ നടത്തിയിരിക്കുന്നത്. ഒരേ സമയം 500 പേര്‍ക്ക് വരെ ബലിയിടാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. ബലിമണ്ഡപം, ബലിക്കടവ് എന്നിവിടങ്ങളിലാണ് ചടങ്ങുകള്‍ നടക്കുക.
വാവുബാലിയോടനുബന്ധിച്ച് അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക- വ്യാവസായിക പ്രദര്‍ശനവും നടത്തും. ജൂലൈ 23 മുതല്‍ 28 വരെ ഡാം സൈറ്റിലാണ് പ്രദര്‍ശന മേള സംഘടിപ്പിക്കുക. 23ന് വൈകീട്ട് അഞ്ച് മണിക്ക് ഭക്ഷ്യ- പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആര്‍.അനില്‍ മേള ഉദ്ഘാടനം ചെയ്യും.
വിവിധ സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, നഴ്‌സറികള്‍, കുടുംബശ്രീ ട്രേഡ് ഫെയര്‍ സംരംഭങ്ങള്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും മേളയുടെ ഭാഗമായി ഉണ്ടാകും. ആട്ടോമോട്ടീവ് എക്‌സിബിഷനും കുട്ടികള്‍ക്കായുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കും മേളയില്‍ സജ്ജീകരിക്കും.
ജൂലൈ 23 മുതല്‍ ഡാം സൈറ്റിലെ സ്വാഗത സംഘം ആഫീസില്‍ നിന്നും ബലിതര്‍പ്പണ കൂപ്പണുകള്‍ 50 രൂപ നല്‍കി മുന്‍കൂറായി വാങ്ങാവുന്നതാണ്. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേകം കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.

