ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പശ്ചിമ ബംഗാളിലോ സ്വന്തം സംസ്ഥാനമായ ജാര്‍ഖണ്ഡിലോ പ്രചാരണത്തിന് എത്തില്ല. കേന്ദ്രസര്‍ക്കാര്‍ കുറച്ചുകൂടി ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കില്‍ ദ്രൗപതി മുര്‍മു പൊതുസമ്മതയായ രാഷ്ട്രപതി സ്ഥാനാര്‍ഥി ആയേനെ എന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കഴിഞ്ഞാഴ്ചത്തെ പ്രസ്താവന പ്രതിക്ഷനിരയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു. ജാര്‍ഖണ്ഡില്‍ യു.പി.എ. ഘടകകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും യുടേണ്‍ എടുത്തിരുന്നു.
പ്രത്യക്ഷത്തില്‍ ബംഗാളില്‍ കാര്യത്തെക്കുറിച്ച് വിഷമിക്കേണ്ടെന്നും അവിടുത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കോളാം എന്ന ഉറപ്പുമാണ് തൃണമൂലിന്റെ നീക്കത്തിന് പിന്നില്‍. എന്നാല്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന്റെയും യശ്വന്ത് സിന്‍ഹയെ നാമനിര്‍ദേശം ചെയ്തതിന്റെയും ക്രെഡിറ്റ് സ്വന്തമാക്കാന്‍ മമതയും തൃണമൂലും മത്സരിക്കുന്നതിനിടെ സിന്‍ഹയെ ബംഗാളില്‍ നിന്നു മാറ്റിനിര്‍ത്തുന്നത് ഉള്ളുകളികള്‍ വെളിവാക്കുന്നതാണ്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള മുര്‍മുവിന് പിന്തുണ നല്‍കാത്തത് ജംഗിള്‍മഹലിലെയും വടക്കന്‍ ബംഗാളിലെയും പാര്‍ട്ടിയുടെ ആദിവാസി വോട്ടുബാങ്കുകളെ അസ്വസ്ഥമാക്കുമെന്നാണ് മമതയുടെ പേടി. ബംഗാളിലെ ഗോത്രജനസംഖ്യയുടെ എണ്‍പത് ശതമാനത്തോളം വരുന്ന സന്താള്‍ ഗോത്രത്തെയാണ് മുര്‍മു പ്രതിനിധീകരിക്കുന്നത്. ഷിബു സോറന്റെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) യ്ക്കും മുര്‍മുവിന്റെ ഗോത്രവര്‍ഗ പശ്ചാത്തലമാണ് വെല്ലുവിളിയാകുന്നത്.