താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമര്‍ ഉപയോഗിച്ച കാര്‍ ഭരണകൂടം കണ്ടെത്തി

കാബൂള്‍: യു.എസ്. സൈന്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമര്‍ ഉപയോഗിച്ച കാര്‍ താലിബാന്‍ ഭരണകൂടം കണ്ടെത്തി. യു.എസ്. സൈന്യത്തിന്റെ കണ്ണില്‍പ്പെടാതെ കുഴിച്ചിട്ട വാഹനമാണ് കഴിഞ്ഞ ദിവസം താലിബാന്‍ ഭരണകൂടം വീണ്ടെടുത്തത്. സാബൂള്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു കാര്‍ കുഴിച്ചിട്ടത്. രണ്ടു പതിറ്റാണ്ടിലധികം മണ്ണിനടിയിലായിരുന്നെങ്കിലും മുല്ല ഒമറിന്റെ വെള്ള ടൊയോട്ട കൊറോള കാറിനു കാര്യമായ കേടുപാടുകളില്ലെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന് ഇപ്പോഴും യാതൊരു തകരാറുമില്ല. മുന്‍വശത്ത് ചെറുതായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് മാത്രമേയുള്ളൂ’ – സാബൂള്‍ പ്രവിശ്യാ ഭരണകൂടം അറിയിച്ചു.

വാഹനം കുഴിച്ചെടുക്കുന്ന ദൃശ്യം താലിബാന്‍ പുറത്തുവിട്ടിട്ടുണ്ട്. ചരിത്ര സ്മാരകമെന്ന നിലയില്‍ മുല്ല ഒമറിന്റെ വാഹനം കാബൂളിലെ നാഷനല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് നീക്കം. 1996 മുതല്‍ 2001വരെ താലിബാന്‍ തലവനെന്ന നിലയില്‍ അഫ്ഗാന്‍ ഭരിച്ച വ്യക്തിയാണ് മുല്ല ഒമര്‍. 2001 ലാണ് യു.എസ്. സൈന്യത്തില്‍ നിന്ന് രക്ഷതേടി അദ്ദേഹം ഒളിവില്‍ പോയത്. പിന്നീട് അദ്ദേഹം മരിച്ചതായി പലതവണ റിപ്പോര്‍ട്ട് വന്നിരുന്നു. 2013 ഏപ്രിലില്‍ അദ്ദേഹം മരിച്ചതായി താലിബാന്‍ പിന്നീട് സ്ഥിരീകരിച്ചത്.

Share
അഭിപ്രായം എഴുതാം