ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ രണ്ട് ആദിവാസി കുടുംബങ്ങളുടെ വീടിനുള്ള കാത്തിരിപ്പിന് അന്ത്യമാകുന്നു. ആദിവാസി കുടുംബങ്ങള്‍ക്ക് വീടു പണിയുന്നതിനായി ജില്ലാതല കമ്മിറ്റി രൂപീകരിക്കുമെന്ന് ജില്ലാകലകടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ജില്ലാതല കമ്മിറ്റി രൂപീകരിച്ച ഉടന്‍തന്നെ ചിങ്കക്കല്ല് കോളനിയിലെ ആദിവാസി കുടുംബങ്ങളുടെ വനവകാശ രേഖക്കുള്ള അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കും. കോളനിയില്‍ താമസിക്കുന്ന ഗീത, സരോജിനി എന്നിവരുടെ വീടുപണിയാണ് പൂര്‍ത്തിയാകാതെ കിടക്കുന്നത്. വീടിന് തറ നിര്‍മിച്ച സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഇരുവരുടെയും വീടുപണി മുടങ്ങിയത്. ഗീത, സരോജിനി എന്നിവരുടെ വീടുപണി ഒന്‍പത് വര്‍ഷമായി മുടങ്ങിക്കിടക്കുകയാണെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജില്ലാകലക്ടറുടെ ഇടപെടല്‍. ചിങ്കക്കല്ല് കോളനിയില്‍ താമസിക്കുന്ന ഇരുവര്‍ക്കും വനഭൂമിയില്‍ ഭൂമി ലഭിക്കുന്നതിനായി ഊരുകൂട്ടം ചേര്‍ന്ന് ഭൂരേഖ നല്‍കുന്നതിന് തീരുമാനം എടുത്തിരുന്നു. കേന്ദ്രവനവകാശ നിയമം (2006) പ്രകാരം ഊരുകൂട്ടത്തില്‍ നിന്നും കൈവശ രേഖയ്ക്കുള്ള അപേക്ഷകള്‍ സബ് ഡിവിഷണല്‍ തല കമ്മിറ്റിയിലേക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്മേല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ലാതല കമ്മിറ്റിയാണ്. ജില്ലാതല കമ്മിറ്റി അടിയന്തരമായി രൂപീകരിച്ച് ഉത്തരവാകുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

