ബഫർസോൺ: നിയമനിർമാണം ഏതുവിധത്തിൽ പ്രശ്നപരിഹാരമാക്കാം?

2023 ജൂൺ 3-ന് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് സംരക്ഷിതവനത്തിനു ചുറ്റും ഒരു കിലോമീറ്റർ പ്രദേശം ബഫർസോൺ വനമാക്കി മാറ്റുവാൻ ഉത്തരവിട്ടതിന്റെ പ്രത്യാഘാതങ്ങളെ പറ്റിയുള്ള ചർച്ചകളും പ്രക്ഷോഭങ്ങളും ശക്തിപ്പെടുകയാണ്. കേരളത്തിൽ ലക്ഷക്കണക്കിനാളുകൾ ബഫർസോൺവനത്തിൽപ്പെട്ട് ജീവിതം തകരുന്ന സ്ഥിതിയിലാണ്.

സംസ്ഥാനസർക്കാർ രണ്ടു നടപടികളാണ് പ്രതിസന്ധി മറികടക്കാൻ ആലോചിക്കുന്നത്. ജനവാസമേഖലകളെ ബഫർസോണിൽനിന്നും ഒഴിവാക്കുവാൻ കോടതി നിയോഗിച്ച കമ്മിറ്റിയിൽ പരാതി ഒന്ന്. ഇതേ കമ്മിറ്റിയിലാണ് ഒരു കിലോമീറ്റർ അടയാളപ്പെടുത്തി മുഖ്യവനപാലകൻ റിപ്പോർട്ട് നൽകേണ്ടതും.

Read More : എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?

രണ്ടാമത്തെ നടപടി ബഫർസോൺവനത്തിൽ താമസക്കാരും കച്ചവടക്കാരും പെട്ടുപോകുന്നത് ഒഴിവാക്കാൻ നിയമം നിർമിക്കുക എന്നതാണ്. ഇതിന്റെ സാധ്യതയെപ്പറ്റി അന്വേഷിക്കുവാൻ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിയമനിർമാണത്തിന്റെ സാധ്യതയെപ്പറ്റി ആലോചിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു

ആദ്യത്തെ സാധ്യത വളരെയില്ല. മംഗളവനത്തിനുചുറ്റും ഒരു കിലോമീറ്റർ വരുന്ന കൊച്ചിയുടെ ഭാഗം വനപരിധിയിൽ നിന്ന് ഒഴിവാക്കി കിട്ടിയേക്കാം. ബാക്കി കാര്യം ഉറപ്പില്ല. എന്നാൽ രണ്ടാമത്തെ സാധ്യത പ്രധാനമാണ്.

റവന്യൂഭൂമി വനഭൂമിയാക്കുന്നത് തടയാനാകണം

വനം-വന്യജീവി സംരക്ഷണനിയമം ജനവാസമേഖലകൾക്ക് ബാധകമല്ലെന്ന നിലയിൽ ഒരു നിയമനിർമാണം കോടതിവിധി മറികടക്കാനുള്ള നീക്കമെന്ന നിലയിൽ തള്ളപ്പെടാനാണ് സാധ്യത. ഒരു നിയമത്തെ മറി കടക്കാൻ മറ്റൊരു നിയമം നിർമിക്കുന്നതിന് തുല്യമാണത്. എന്നാൽ വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണം ഉറപ്പാക്കിയും അതേ സമയം റവന്യൂ ഭൂമി വനംവകുപ്പിന്റെ പരിധിയിൽ ബഫർസോണായി മാറ്റുന്നത് തടഞ്ഞുകൊണ്ടുമുള്ള നിയമത്തിന് സാധ്യതയുണ്ട്. വനസംരക്ഷണവും താമസക്കാരുടെ സുരക്ഷയും ഒരേപോലെ ഉറപ്പാക്കുന്നതായതിനാൽ പ്രശ്നപരിഹാരവുമായിരിക്കും.

Read more: കേരളത്തിൽ ബഫർസോണിൽ നിന്ന് ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാനാകുമോ?

താമസക്കാരുടെ പക്കലുള്ളത് റവന്യൂ ഭൂമിയാണ്. പട്ടയമുള്ളതും ഇല്ലാത്തതുമൊക്കെ അതിൽപ്പെടും. ഇപ്പോൾ ഭൂമിയുടെ അധികാരം സംസ്ഥാനത്തിനാണ്. വനംവകുപ്പിന് കൈമാറുകയോ വനനിയമങ്ങളുടെ പരിധിയിൽപ്പെട്ട ഇടമായി മാറുകയോ ചെയ്യുന്നതോടെ സംസ്ഥാനത്തിന്റെ അധികാരം അവസാനിക്കും. കേന്ദ്രനിയമത്തിന്റെ പരിധിയിലാകും. അന്താരാഷ്ട്ര കരാറുകളുടേയും ബാധ്യതകളുടേയും പരിധിയിലും പെടും.

റവന്യൂഭൂമി ഏറ്റെടുക്കാനുള്ള വനംവകുപ്പിന്റെ അധികാരം

സംരക്ഷിതമേഖലയുടെ ആവശ്യത്തിനായി അതിന് വെളിയിലുള്ള പ്രദേശത്ത് ഇടപെടാനോ, ഏറ്റെടുക്കാനോ, നിയന്ത്രണമേർപ്പെടുത്താനോ വൈൽഡ്ലൈഫ് വാർഡന് 1972-ലെ വന്യജീവിസംരക്ഷണനിയമം അധികാരം നൽകുന്നുണ്ട്. പക്ഷെ, അത്തരം ഇടപെടലിനും ഏറ്റെടുക്കലിനും അവസരമില്ലാത്ത വിധം വന്യജീവികേന്ദ്രത്തിന് ചുറ്റിലും സുരക്ഷിത നടപടികൾ ഏർപ്പെടുത്തുന്ന ഒരു നിയമനിർമാണം സംസ്ഥാനസർക്കാർ നടത്തിയാൽ സംരക്ഷണ ആവശ്യത്തിനായി വനംവകുപ്പ് ബഫർസോൺവനം ഉണ്ടാക്കുന്നത് ഒഴിവാക്കാനാവും. ലക്ഷക്കണക്കിനാളുകളെ ദുരിതത്തിലാക്കുന്നതിന് പരിഹാരമാകും. വന്യജീവികളേയും മനുഷ്യരേയും സംരക്ഷിക്കുന്ന രണ്ടു നിയമങ്ങൾ ഉണ്ടാവുകയും അതിന്റെ അതിർത്തിയായി വനവും അതിന്റെ പുറത്തുള്ള പ്രദേശവും എന്ന് വേർത്തിരിയുന്ന സാഹചര്യം ഉണ്ടാകും. കേരളം ഒരു മാതൃകയായി മാറുകയും ചെയ്യും.

ജീവിക്കാനുള്ള അവകാശം മനുഷ്യനും ഉണ്ട്.

ജീവിക്കാനുള്ള അവകാശമാണ് രണ്ടിടത്തും ഉള്ളത്. വനത്തിന്റേയും വന്യജീവികളുടേയും കാര്യത്തിൽ രണ്ടു നിയമങ്ങൾ ശക്തമായുണ്ട്. എന്നാൽ മനുഷ്യരുടെ ജീവിക്കാനുള്ള ഭരണഘടനാവകാശത്തെ മുൻനിർത്തി ശക്തമായ നിയമങ്ങൾ ഇല്ല. നിയമം ഇല്ലാത്തതുകൊണ്ട് കാട്ടിലും കാട്ടരുകിലും ജീവിക്കുന്ന മനുഷ്യർക്ക് കാട്ടുമൃഗത്തിന്റെ സംരക്ഷണം പോലുമില്ല. സ്വത്തുവകകളുടെ കാര്യത്തിലുമില്ല സംരക്ഷണം.

Read More: ബഫർസോൺ പ്രശ്നത്തിൽ യു ഡി എഫിന്റെയും ബി ജെ പിയുടെയും നിർദേശങ്ങൾ പരിഹാരമാകുമോ?

ബഫർസോൺ വരുമ്പോൾ വന്യജീവികൾ, നിയമപരമായി തന്നെ മനുഷ്യരുടെ സർവ്വവിധ സ്വത്തുവകകളും കയ്യടക്കുകയാണ് ചെയ്യുവാൻ പോകുന്നത്. ജീവനും സ്വത്തും സംരക്ഷിക്കാനുള്ള മനുഷ്യന്റെ അവകാശം വന്യജീവികളുടെ അവകാശത്തിനു മുമ്പിൽ ഇല്ലാതാകുന്ന വിചിത്രനീതിയും യുക്തിയും ആണ് അവിടെ സംഭവിക്കുക.

നിയമപരിരക്ഷയിൽ വന്യജീവിയും മനുഷ്യനും മുഖാമുഖം നിന്നാൽ ഇപ്പോൾ പരിരക്ഷ മനുഷ്യനില്ല. വന്യജീവി പരിരക്ഷിതനുമാണ്. കൊല്ലാൻ വരുന്ന കാട്ടാനയെ കല്ലെറിഞ്ഞാൽ കാട്ടാനയ്ക്കുവേണ്ടി എറിഞ്ഞവനെ പ്രതിയാക്കി കേസെടുക്കാം. എന്നാൽ കൊല്ലാൻ ശ്രമിച്ചതിനോ, കൊല്ലപ്പെടുന്ന സാഹചര്യം അനുഭവിച്ചതിനോ മനുഷ്യന് നിയമപരമായ യാതൊരു പരിഹാരവും രാജ്യത്തില്ല. ചത്താലോ പരിക്കു പറ്റിയാലോ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. പക്ഷെ, ആനയെ ഒച്ചവെച്ച് ഭയപ്പെടുത്തിയാൽപോലും കുറ്റകരമാണ്! ആനക്ക് നീതി കിട്ടും!!

ആന കൊന്ന കൃഷിക്കാരന്റെ ജഡത്തിനരുകിൽ ഭാര്യയും വളർത്തുനായയും. ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്നുള്ള കാഴ്ച

ബഫർസോൺ വന്യജീവികേന്ദ്രത്തിന്റെ ഭാഗമായതിനാൽ വന്യജീവിശല്യത്തിൽ നിന്ന് രക്ഷയോ, നഷ്ടപരിഹാരമോ പൗരന്റെ അവകാശമല്ലാതാകും. വിചിത്രമായ വിധത്തിൽ നിയമം വ്യാഖ്യാനിച്ച് മുന്നേറുന്നതാണ് ഇവിടെ കാണുന്നത്. വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് മനുഷ്യന് യാതൊരു സ്ഥാനവും ഇല്ലാതായിരിക്കുന്നു.

വന്യജീവിക്കുള്ള സ്വത്തവകാശം പോലും മനുഷ്യനില്ല!

വന്യജീവിക്കുള്ള സ്വത്തവകാശം പോലും മനുഷ്യനില്ല എന്നതാണ് അനുഭവസത്യം. കേരളത്തിലെ ആദിവാസികളെ മുഴുവനും തന്നെ വനത്തിൽനിന്നും പുറത്തുചാടിച്ചു കഴിഞ്ഞു. വനമെന്ന സ്വത്തിൽ അതുവരെ അവകാശികളായിരുന്ന ആദിവാസികളായ മനുഷ്യരെ മൃഗങ്ങൾ പുറംതള്ളി വനം പിടിച്ചെടുത്തു. ഇതാണ് കൃത്യമായ നിയമവ്യാഖ്യാനം. പുറത്തായവരെ പുനരധിവസിപ്പിച്ചുപോലുമില്ല. കേരളത്തിൽ മൂന്നര ലക്ഷം ഭൂരഹിതരുമുണ്ടെന്നാണ് കണക്ക്. ഇവർക്ക് പാർപ്പിടമോ കൃഷിയിടമോ ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷെ, വനവിസ്തൃതി കൂടിക്കൊണ്ടേയിരിക്കുന്നു.

മുത്തങ്ങ നൽകിയ പാഠം. മൃഗത്തിനുള്ള സ്വത്തവകാശംപോലും ആദിവാസി മനുഷ്യർക്കില്ല.

എല്ലാ വന്യജീവികേന്ദ്രങ്ങൾക്കു ചുറ്റിലും ഇപ്പോൾ ഒരു കിലോമീറ്ററും പിന്നീട് പത്തു കിലോമീറ്റർ വരെ വീതിയിലും ഭൂമി വന്യജീവികൾക്കായി നൽകാൻ പോകുന്നു. ഇതിനായി ജനവാസകേന്ദ്രങ്ങൾ വന്യജീവികൾക്കായി വിട്ടുകൊടുക്കുന്നു!

രാജ്യത്താകെയുള്ള സംരക്ഷിതവനം കേരളവും തമിഴ്നാടും ചേർന്ന അത്രയുണ്ട്. അതിനുചുറ്റും ഇപ്പോൾ ഒരു കിലോമീറ്ററും പിന്നീട് പത്തു കിലോമീറ്റർ വരെ വിസ്തൃതിയിൽ മനുഷ്യനെ ഒഴിവാക്കി ഭൂമി വന്യജീവികൾക്ക് നൽകാൻ പോകുകയാണെന്ന് വിധി വായിച്ചാൽ മനസിലാകും. നിയമങ്ങൾ ഉണ്ടാക്കിയത് വന്യജീവികളോ എന്നുപോലും സംശയം തോന്നുന്ന വിധത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്.

Read More: കേരള സർക്കാർ നീക്കത്തിൽ ബഫർ സോൺവനത്തിൽ പെടുന്ന ജീവിതങ്ങൾ രക്ഷപെടുമോ?

വിചിത്രമെങ്കിലും, ഇതിന് എതിരുനിന്ന ഒരു ഭരണതീരുമാനവും നിയമനിർമാണവും നിലനിന്നിട്ടില്ല. അതുകൊണ്ട് കേരളം ഒരു നിയമം നിർമിക്കുമെങ്കിൽ അത് ജീവിക്കാനുള്ള പൗരന്റെ ഭരണഘടനാവകാശത്തെ അവലംബിച്ചതാവണം. അത്രയും പിന്തുണയുള്ള നിയമം മാത്രമേ ശരിയായ പരിഹാരമാകുകയുള്ളൂ. അതേ അതിജീവിക്കാനും പോകുന്നുള്ളൂ.

ജീവിക്കാനുള്ള അവകാശം വ്യക്തം. ഇത് കടലാസിൽ മാത്രമായി തീരുന്നതാണ് സ്ഥിതി

മനുഷ്യന്റെ ആവാസവ്യവസ്ഥയിലേക്ക് വന്യജീവിനിയമം കയ്യേറുന്നത് വന്യജീവികളുടെ സംരക്ഷണം ഉറപ്പിക്കുന്നതിനാണ്. സംരക്ഷിക്കണമെങ്കിൽ സ്വന്തമാക്കണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തത്വം. ഈ തത്വം ചോദ്യം ചെയ്തേ പറ്റൂ. സ്വന്തമാക്കൽ വന്യജീവികൾക്ക് വേണ്ടിയല്ല. വരുമാനവും അധികാരവും വർധിപ്പിക്കുന്നതിനാണ്. വനത്തേയും വന്യജീവിയേയും വച്ച് മനുഷ്യജീവിതത്തെ ദുരിതപ്പെടുത്തുകയാണ്. കാർബൺഫണ്ട് അടക്കം വിദേശസഹായങ്ങൾ ഉദ്യോഗസ്ഥർക്ക് കയ്യടക്കുന്നതിനാണ്.

എന്തുതരം നിയമനിർമാണമാണ് വേണ്ടത്?

വനം-വന്യജീവികളുടെ സംരക്ഷണം ഉറപ്പാക്കാനായി കോടതിവിധിയിൽ പറയുന്ന കാര്യങ്ങൾ വനത്തിനു പുറത്ത് നടപ്പാക്കാൻ നിഷ്കർഷിക്കുന്ന നിയമമാണ് ഉണ്ടാകേണ്ടത്. ഉദാഹരണം- ഖനനം ഒരു കിലോമീറ്ററിനുള്ളിൽ നടത്താതിരിക്കാനാണ് ഒരു കിലോമീറ്റർ ബഫർസോൺ വനമാക്കി ഏറ്റെടുക്കാൻ കോടതി വിധിച്ചിരിക്കുന്നത്. ഖനനത്തിന് ലൈസൻസ് നൽകുമ്പോൾ ഒരു കിലോമീറ്റർ പരിധിയിൽ വന്യജീവികേന്ദ്രമുണ്ടങ്കിൽ ലൈസൻസ് കൊടുക്കാൻ പാടില്ലെന്ന് ഒരു നിയമം സംസ്ഥാനത്ത് നിലവിലുണ്ടെങ്കിൽ പിന്നെന്തിന് ബഫർസോൺ? കോടതി വിധിയിൽ വിലക്കുന്ന കാര്യങ്ങൾക്ക് ഒരു കിലോമീറ്റർ പരിധിയിൽ അനുമതി നിഷേധിക്കുന്ന ഭൂവിനിയോഗം സംബന്ധിച്ച് പുതിയ നിയമം നിലനിൽക്കും. ആ കാരണം ചൂണ്ടിക്കാട്ടി റവന്യൂഭൂമി വനഭൂമിയാക്കുന്നത് ഒഴിവാക്കാനാവും. ആളുകളുടെ ജീവിതവും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാവും.

വനഭൂമിയാക്കാതെയും നിയമം നടപ്പാക്കാമെന്ന് മരട് തെളിയിച്ചു

കേരളത്തിൽ തന്നെ ഇതിന് മാതൃകയുണ്ട്. തീരദേശപരിപാലനനിയമവും വയൽ നികത്തുന്നതിനെതിരെയുള്ള നിയമവും ഉദാഹരണങ്ങളാണ്. രണ്ടും നിയന്ത്രണങ്ങളാണ്. പരിസ്ഥിതി നിയമങ്ങളാണ് നിയമനിർമാണത്തിന്റെ അടിത്തറ. പക്ഷെ, വനംവകുപ്പിന് ഭൂമി കൈമാറേണ്ടി വന്നതുമില്ല. കോടതി പറയുന്ന സംരക്ഷണങ്ങൾ വന്യജീവികേന്ദ്രത്തിന് പുറത്ത് നിയമം മൂലം ഉറപ്പാക്കിയ ഒരിടത്ത് ബഫർസോൺ വേണ്ടല്ലോ?

വനംവകുപ്പ് വന്യജീവികളേയും കൂട്ടി വരുകയും വന്യജീവികളുടെ പേരും പറഞ്ഞ് ഭൂമിയടക്കം എല്ലാം ഏറ്റെടുക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണം. അവരുടെ ഇംഗിതം കൂടുതൽ വനഭൂമി, കൂടുതൽ വിദേശഗ്രാന്റ് എന്നതാണ്. കാർബൺ ഫണ്ടുകൂടി ആയതോടെ വലിയൊരു അന്താരാഷ്ട്ര മാഫിയയും ബില്യൺ കണക്കിനു പണവും കെട്ടിമറിയുന്ന ഇടവുമായി വനം-വന്യജീവി കാര്യം മാറിയിരിക്കുന്നു. വനംവകുപ്പിന്റെ ഇംഗിതം സാധിച്ചില്ലെങ്കിൽ കാവൽനായ്ക്കളെ പോലെ വളർത്തുന്ന “പരിസ്ഥിതി സംഘടനകളേയും” “ശാസ്ത്രജ്ഞരേയും ” ഇറക്കിവിട്ട് വ്യവഹാരം നടത്തി സർക്കാരുകളേയും ജനപക്ഷ തീരുമാനങ്ങളെയും മുട്ടുകുത്തിക്കുമെന്നതാണ് രീതി. ഒരു ഉദ്യോഗസ്ഥവിഭാഗം സൂപ്പർക്യാബിനറ്റ് ചമയുന്ന സ്ഥിതി എന്നേക്കുമായി അവസാനിപ്പിക്കാൻ ഇത്തരമൊരു നിയമത്തിന് കഴിയും. പത്തു കിലോമീറ്റർ ബഫർസോൺ എന്ന വിജ്ഞാപനം നിലനിൽക്കെ ഇത്തരമൊരു നിയമനിർമാണം കേരളത്തിന് കൂടിയെ കഴിയൂ.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

അറിയിപ്പ്

കേരളത്തിലെ സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ബഫർസോൺ പ്രഖ്യാപിച്ചാൽ അവിടെ താമസിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം തടസപ്പെടുമെന്ന് കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, പ്രസിഡണ്ട്, പ്രധാനമന്ത്രി, കേന്ദ്ര വനംമന്ത്രി, കേരള ഗവർണർ, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവർക്ക് നൽകാനായി കേരളത്തിൽ ഓൺലൈനായി ഒപ്പുശേഖരണം നടക്കുന്നുണ്ട്. പൊതുതാത്പര്യം മുൻനിർത്തിയുള്ള ഈ പരിപാടിയിൽ പങ്കെടുക്കുകയും സുഹൃത്തുക്കൾക്ക് പങ്കിട്ടും പ്രചരിപ്പിച്ചും സഹകരിക്കുക. താഴെയുള്ള ലിങ്ക് ഷെയർ ചെയ്തുവേണം അങ്ങനെ ചെയ്യാൻ. സ്വന്തം അഭിപ്രായവും അഭ്യർഥനയും എഴുതിയോ വീഡിയോ രൂപത്തിലോ പ്രചരിപ്പിക്കാം. ലിങ്ക് ഓപ്പൺ ചെയ്ത് വിവരങ്ങൾ നൽകി ക്ലിക്ക് ചെയ്താൽ ഒപ്പുശേഖരണത്തിൽ പങ്കെടുക്കാനാകും.

ലിങ്ക്: https://samadarsi.online/petition/user/admin/-

Share
അഭിപ്രായം എഴുതാം