റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘സ്പെയ്സ് റിസോഴ്‌സ് റൂം’: കിടപ്പുരോഗികളായ കുട്ടികള്‍ക്ക് സ്‌കൂളില്‍ ഒരിടം

July 5, 2022 - 6:52 pm

കണ്ണൂർ: ഭിന്നശേഷിക്കാരായ കിടപ്പുരോഗികളായ കുട്ടികള്‍ക്ക് സ്‌കൂള്‍ സൗഹൃദത്തിന്റെ, കരുതലിന്റെ അനുഭവപാഠം പകരാന്‍ എല്ലാ സൗകര്യങ്ങളുമുള്ള ‘സ്പെയ്സ് റിസോഴ്‌സ് റൂം’ ജില്ലയില്‍ തയ്യാറായി. വീട്ടിലെ മുറിയില്‍ കിടന്ന് ജനാലയിലൂടെ അരിച്ചെത്തുന്ന ആകാശത്തിന്റെ ഇത്തിരിവെട്ടം മാത്രം കണ്ട് മടുത്ത കുഞ്ഞുകണ്ണുകളില്‍ ഇനി അക്ഷരോത്സവം പ്രകാശം പരത്തും. പാപ്പിനിശ്ശേരി ഉപജില്ലയിലെ ഇഎംഎസ് സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാടായി ഉപജില്ലയിലെ മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്പെയ്സ് റൂം എന്ന സവിശേഷമായ ഭിന്നശേഷി സൗഹൃദ പഠനമുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ശാരീരിക പരിമിതികള്‍ കാരണം സ്‌കൂളുകളില്‍ എത്താന്‍ കഴിയാതെ കിടപ്പിലായ കുട്ടികള്‍ക്ക് ക്ലാസ് മുറികളിലെ പഠനാനുഭവങ്ങളും സൗഹൃദത്തിന്റെ ഊഷ്മളതയും അനുഭവവേദ്യമാക്കാന്‍ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയാണ് സ്പെഷല്‍ പ്ലാറ്റ്ഫോം ടു അച്ചീവ് ക്ലാസ്റൂം എക്സ്പീരിയന്‍സ് ഫോര്‍ ബെഡ്റിഡണ്‍ ചില്‍ഡ്രന്‍ (സ്പെയ്സ്). പദ്ധതി നടത്തിപ്പിന് പ്രത്യേക പരിശീലനം നേടിയ അധ്യാപകരുടെയും തെറാപ്പിസ്റ്റുകളുടെയും സാധാരണ അധ്യാപകരുടെയും സേവനം ഈ സ്‌കൂളുകളില്‍ ലഭ്യമാക്കും. സ്പെയ്സ് സംവിധാനം സജ്ജീകരിച്ച സ്‌കൂള്‍ കെട്ടിടത്തില്‍ ചിത്രങ്ങള്‍ വരച്ച കൈവരികളോടു കൂടിയ പഠന മുറി, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, വീല്‍ചെയര്‍ പാത എന്നീ സൗകര്യങ്ങളും വാട്ടര്‍ ബെഡ്, എയര്‍ ബെഡ്, വീല്‍ ചെയര്‍, ട്രെഡ് മില്ല്, ട്രൈ സൈക്കിള്‍, വാക്കര്‍, ടെലിവിഷന്‍, സ്പീക്കര്‍, പ്രത്യേക പഠനോപകരണങ്ങള്‍, ഫിസിയോ തെറാപ്പി സംവിധാനങ്ങള്‍, ബുദ്ധിവികാസത്തിനുള്ള കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് ഡോക്ടറുടെ സേവനം, അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ എന്നിവ ലഭ്യമാക്കും.

ജില്ലയില്‍ കിടപ്പുരോഗികളായ 212 വിദ്യാര്‍ഥികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് സ്‌കൂള്‍ ജീവിതത്തിന്റെ നേരനുഭവം ലഭിക്കുന്നില്ല. നിലവില്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്പെഷല്‍ എജുക്കേറ്റര്‍മാര്‍ വീടുകളിലെത്തി ക്ലാസെടുക്കുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് സ്‌കൂളിന്റെ അന്തരീക്ഷം പരിചയപ്പെടുത്താനും മറ്റ് കുട്ടികളുമായി ഇടപഴകാനും ‘സ്പെയ്സ്’ അവസരമൊരുക്കും. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന രക്ഷിതാക്കള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയും എസ്എസ്‌കെ നടപ്പാക്കും.

ഓരോ ബ്ലോക്ക് റിസോഴ്സ് സെന്ററിനും (ബിആര്‍സി) കീഴിലുള്ള കിടപ്പുരോഗികളായ കുട്ടികളെ ഓരോദിവസം ‘സ്പെയ്സ്’ കേന്ദ്രത്തില്‍ എത്തിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഭാവിയില്‍ ഇത്തരം കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാനും ആലോചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *