കാസർകോട്: മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്നും ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും യുവാവ് ആവശ്യപ്പെട്ടു. 2022 ജൂൺ 22ന് രാവിലെ പത്തോടെയാണ് ഷൈജു നഗരത്തിലെ ഒരു കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച മൊബൈൽ ടവറിന് മുകളിൽ കയറിയത്.
കഴുത്തിൽ കയറിട്ട് ടവറിന് മുകളിൽ നിലയുറപ്പിച്ചെങ്കിലും ആരും കണ്ടിരുന്നില്ല. ഒടുവിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ താൻ ആത്മഹത്യ ചെയ്യാൻ കയറിയതാണെന്ന് കാണിച്ച് ഷൈജു വീഡിയോ പോസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാർ കൂട്ടം ചേർന്നു. പൊലിസെത്തി. പിന്നാലെ ഫയർഫോഴ്സും. അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങൾ. ഷൈജുവിന്റെ മൊബൈലിലേക്ക് സുഹൃത്തുക്കളെ കൊണ്ട് വിളിപ്പിച്ചെങ്കിലും ഇറങ്ങാൻ തയ്യാറല്ലായിരുന്നു. പൊലീസ് നേരിട്ടും, വിളിച്ചും താഴെ ഇറങ്ങാനുള്ള അഭ്യർത്ഥന. എടിഎം കൗണ്ടർ അടിച്ച് പൊട്ടിച്ചതിനും കഞ്ചാവ് ഉപയോഗിച്ചതിനും ആക്രമണത്തിനും അടക്കം നിരവധി കേസുകൾ ഉള്ളയാളാണ് ഷൈജുവെന്ന് ബേക്കൽ പൊലീസ് പറഞ്ഞു.
ഒടുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ തയ്യാറെന്ന നിലപാടിലെത്തി ഷൈജു. നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് അവസാനം സ്വമേധയാ താഴെ ഇറങ്ങി. ഒടുവിൽ പൊലീസിനോപ്പം ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതിന് ഷൈജുവിനെതിരെ കേസെടുത്തിരിക്കുകയാണ് ഇപ്പോൾ

