കാന്‍പുര്‍: പ്രവാചകനിന്ദക്കെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായവരുടെ വീട്ടിലേക്ക് ബുള്‍ഡോസറുമായി യു.പി. പോലീസ്. സഹാരണ്‍പുരിലാണു വന്‍ പോലീസ് സന്നഹത്തോടെ നഗരസഭാ ജീവനക്കാരെത്തിയത്. അനധികൃത നിര്‍മാണം ഒഴിവാക്കാനാണു നീക്കമെന്നാണു വിശദീകരണം.സഹാരണ്‍പുര്‍ സംഭവവുമായി ബന്ധപ്പെട്ട 64 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ മുസമില്‍, അബ്ദുള്‍ വഖീര്‍ എന്നിവരുടെ വീടുകളിലേക്കാണ് ബുള്‍ഡോസറുകളെത്തിയത്. വീടുകളുടെ ഗേറ്റും മതിലും ചില നിര്‍മിതികളും സംഘം തകര്‍ത്തു. ഇതു നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്നാണു പോലീസ് നിലപാട്. ബുള്‍ഡോസറുമായി എത്തുന്നതിന്റെ ദൃശ്യങ്ങളും പോലീസ് പങ്കുവെച്ചിട്ടുണ്ട്.
കാണ്‍പുരില്‍ പ്രതിഷേധക്കാരിലൊരാളുടെ വീടിനുനേരെ പോലീസ് നടപടിയുണ്ടായി. ജൂണ്‍ മൂന്നിന് അറസ്റ്റിലായ സഫര്‍ ഹയാത്തിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. അയാള്‍ ഭൂമി മാഫിയയുടെ നേതാവാണെന്നാണ് പോലീസ് നിലപാട്.സഫര്‍ ഹയാത്തിന്റെ ബന്ധു മുഹമ്മദിന്റെ കെട്ടിടം തകര്‍ത്തതായി കാണ്‍പുര്‍ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. ഇത് അനധികൃത നിര്‍മാണമായിരുന്നെന്നു യു.പി. പോലീസ് അഡീഷണല്‍ കമ്മിഷണര്‍ ആനന്ദ് പ്രകാശ് തിവാരി അറിയിച്ചു.

