മുംബൈ: തുടര്‍ച്ചയായ മൂന്നു ദിവസത്തെ നേട്ടം കളഞ്ഞു കുളിച്ച് ഓഹരി വിപണി. ബോംബെ സെന്‍സെക്സ് 359.33 പോയിന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 76.85 പോയിന്റും താഴ്ന്നു. സെന്‍സെക്സ് 55,566.41 പോയിന്റിലും നിഫ്റ്റി 16,584.55 പോയിന്റിലുമാണ് ഇന്നലത്തെ വ്യാപാരദിനം അവസാനിപ്പിച്ചത്.
രാജ്യാന്തരവിപണികളിലെ പ്രതികൂലതരംഗത്തിന്റെ അലയൊലികളാണ് ഇന്ത്യന്‍ വിപണിക്കും തിരിച്ചടിയായത്. പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജര്‍മനിയില്‍ നിരക്കു വര്‍ധനക്ക് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളാണ് രാജ്യാന്തര വിപണികളിലെ തളര്‍ച്ചക്ക് കാരണമായത്. ബാങ്കിങ്, ഉപഭോക്തൃ ഉത്പന്ന ഓഹരികള്‍ക്കുണ്ടായ നഷ്ടം സെന്‍സെക്സിനും നിഫ്റ്റിക്കും തിരിച്ചടിയായി. ചെറുകിട, ഇടത്തരം ഓഹരികളുടെ സമ്മിശ്ര പ്രതികരണമാണു തിരിച്ചിറക്കത്തിന് മറ്റൊരുകാരണം. ഈ പശ്ചാത്തലത്തിലും ബി.എസ്.ഇയിലെ 1,761 ഓഹരികള്‍ നേട്ടത്തില്‍ കലാശിച്ചത് വന്‍തകര്‍ച്ചയില്‍ നിന്നു വിപണിയെ കാത്തു.സെന്‍സെക്സില്‍ 1,589 ഓഹരികളാണ് മുന്‍ വ്യാപാര ദിനത്തിലേതിനേക്കാള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. 0.95 ശതമാനത്തിന്റെ തിരിച്ചടി നേരിട്ട ബാങ്കിങ് അധിഷ്ഠിത ഓഹരികളാണ് 31/05/22 നഷ്ടക്കണക്കുകളില്‍ മുമ്പന്‍. ഉപഭോക്തൃ ഉല്‍പന്ന ഓഹരികള്‍ക്കു 0.74 ശതമാനത്തിന്റെ തിരിച്ചടി നേരിട്ടു. 3.48 ശതമാനം നഷ്ടമുണ്ടായ കോട്ടക് മഹീന്ദ്ര ബാങ്കാണ് നിഫ്റ്റിയില്‍ തിരിച്ചടി നേരിട്ടവരില്‍ മുന്നില്‍.

