വളര്‍ച്ചാ അനുമാനം താഴ്ത്തിയേക്കും

കൊല്‍ക്കത്ത: ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം വീണ്ടും കുറച്ചേക്കുമെന്ന സൂചനകളുമായി രാജ്യാന്തര നാണയനിധി (ഐ.എം.എഫ്). 2022 വര്‍ഷത്തില്‍ 8.2 ശതമാനമായിരിക്കും രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനമെന്ന മുന്‍പ്രവചനം തിരുത്തപ്പെടാന്‍ സാധ്യതയേറെയാണെന്ന് റിപ്പോര്‍ട്ട്. 2023-ല്‍ 6.9 ശതമാനമായിരിക്കും വളര്‍ച്ചയെന്നും അനുമാനം. കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ആഗോള സമ്പദ്വ്യവസ്ഥ ‘സ്റ്റാഗ്ഫ്ളേഷനി’ലാണ്. ഉയര്‍ന്ന പണപ്പെരുപ്പവും വളര്‍ച്ചാമുരടിപ്പുമുള്ള അവസ്ഥയാണിത്. ഈ പശ്ചാത്തലത്തിലാണ് പുനരവലോകനത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാന നിരക്കില്‍ വ്യതിയാനത്തിനു സാധ്യതയുണ്ടെന്ന് ഐ.എം.എഫ്. സൂചിപ്പിക്കുന്നത്. ജനുവരിയിലെ കണക്കുകൂട്ടല്‍ പ്രകാരം ഈവര്‍ഷം ഒന്‍പതു ശതമാനമായിരിക്കും വളര്‍ച്ചാ അനുമാനമെന്നായിരുന്നു ഐ.എം.എഫ്. വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, ഏപ്രിലില്‍ പ്രതീക്ഷിത വളര്‍ച്ചാ അനുമാനം 8.2 ശതമാനമായി പുനര്‍നിശ്ചയിച്ചു. ബഹുമുഖ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് വളര്‍ച്ചാ അനുമാനം താഴ്ത്തിയത്. ഇതിനുശേഷവും തിരിച്ചടികള്‍ തുടരുന്ന സാഹചര്യത്തിലാണ് പുനര്‍നിര്‍ണയമെന്ന് ഐ.എം.എഫിന്റെ ഇന്ത്യയിലെ സീനിയര്‍ റെസിഡന്റ് പ്രതിനിധി ലൂയി ബ്രൂവര്‍ അറിയിച്ചു.

കുതിച്ചുയരുന്ന പണപ്പെരുപ്പം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കു തടസം സൃഷ്ടിക്കുന്നതില്‍ സുപ്രധാനമാണെന്നു ബ്രൂവര്‍ ചൂണ്ടിക്കാട്ടി. ഇതിനൊപ്പം തൊഴിലില്ലായ്മ രൂക്ഷമായതും വളര്‍ച്ചയ്ക്കു വിലങ്ങുതടിയാണ്.ഇതെല്ലാം വളര്‍ച്ചാ അനുമാന പുനര്‍നിര്‍ണയത്തില്‍ പ്രതിഫലിക്കും. പ്രതികൂല സാഹചര്യങ്ങളുണ്ടെങ്കിലും വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നിലയില്‍ ഇന്ത്യ ആഗോളതലത്തില്‍ മുന്‍പന്തിയിലാണ്. പണപ്പെരുപ്പം കുതിക്കുന്നത് ആഗോളതലത്തിലെ പ്രതിഭാസമാണ്. ഇതിനു കൂച്ചുവിലങ്ങിടാന്‍ യു.എസിലെയും യൂറോപ്പിലെയും കേന്ദ്രബാങ്കുകള്‍ പലിശനിരക്കു വര്‍ധിപ്പിക്കുന്നതിനു തുടക്കമിട്ടുകഴിഞ്ഞതായും ബ്രൂവര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം