റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കുമെന്ന് ഇ.യു.

ബ്രസല്‍സ്: യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്നുള്ള ശിക്ഷാ നടപടിയുടെ ഭാഗമായി റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഭൂരിഭാഗവും ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തലാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍(ഇ.യു.). ഇറക്കുമതിയുടെ മൂന്നില്‍ രണ്ടു വരുന്ന കടല്‍മാര്‍ഗമുള്ള ഇറക്കുമതിക്കായിരിക്കും വിലക്ക് ബാധമാകുക. ഹംഗറിയുടെ എതിര്‍പ്പിനേത്തുടര്‍ന്നാണ് പൈപ്പ് ലൈന്‍ വഴിയുള്ള എണ്ണ ഇറക്കുമതി വിലക്കാത്തത്. പൈപ്പ് ലൈന്‍ എണ്ണ ഇറക്കുമതിയും അവസാനിപ്പിക്കുമെന്ന് പോളണ്ടും ജര്‍മനിയും വ്യക്തമാക്കിയിട്ടുണ്ട്. അതായത് റഷ്യന്‍ എണ്ണയുടെ 90 ശതമാനം വരുമിത്. റഷ്യയുടെ യുദ്ധസന്നാഹത്തിന്റെ സാമ്പത്തികസഹായത്തിന്റെ നല്ലൊരുപങ്കും ഈ വിലക്കിലൂടെ ഇല്ലാതാകുമെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ ചീഫ് ചാള്‍സ്‌ മൈക്കല്‍ പറഞ്ഞു. റഷ്യക്കെതിരേ ബ്രസല്‍സ് സമ്മേളനം അംഗീകാരം നല്‍കുന്ന ആറാമത്തെ ഉപരോധ പാക്കേജാണിത്.

യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 27 ശതമാനവും വാതകത്തിന്റെ 40 ശതമാനവും റഷ്യയില്‍ നിന്നാണ്. റഷ്യക്ക് 40000 കോടി ഡോളറാണ്(ഏകദേശം 31.05 ലക്ഷം കോടി രൂപ) യൂറോപ്യന്‍ യൂണിയന്‍ പ്രതിവര്‍ഷം പ്രതിഫലമായി നല്‍കുന്നത്. ഇതുവരെ റഷ്യയില്‍നിന്നുള്ള വാതക ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. തങ്ങളുടെ എണ്ണ ആവശ്യങ്ങളുടെ എട്ടുശതമാനത്തിന് റഷ്യയെ ആശ്രയിക്കുന്ന യു.കെ. ഈ വര്‍ഷത്തോടെ ഇറക്കുമതി അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ പുതിയ ഉപരോധത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്ന പിന്നാലെ അസംസ്‌കൃത എണ്ണവില ബാരലിന് 123 ഡോളറായി ഉയര്‍ന്നു. മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Share
അഭിപ്രായം എഴുതാം