കൊല്‍ക്കത്ത: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കാന്‍ പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍. ചാന്‍സലര്‍ സ്ഥാനം മുഖ്യമന്ത്രിക്കു നല്‍കുന്ന നിര്‍ദേശമടങ്ങിയ ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു അറിയിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണു മന്ത്രിസഭാ തീരുമാനം. ബംഗാളിലെ 17 സര്‍വകലാശാലകളുടെ ചാന്‍സലാണു ജഗ്ദീപ് ധന്‍കര്‍. മന്ത്രിസഭാ തീരുമാനത്തോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഏകാധിപതിയാകാനാണു മമതാ ബാനര്‍ജി ശ്രമിക്കുന്നതെന്നു ബി.ജെ.പി. സംസ്ഥാന വക്താവ് കുമാന്‍ ഘോഷ് പറഞ്ഞു. 2019 ല്‍ ഗവര്‍ണറായി അധികാരമേറ്റതിനു പിന്നാലെ തുടങ്ങിയതാണു ജഗ്ദീപ് ധന്‍കര്‍ – മമതാ ബാനര്‍ജി പോര്. സര്‍വകലാശാലാ ബിരുദദാന സമ്മേളനത്തെക്കുറിച്ച് അറിയിച്ചില്ലെന്നുകാട്ടി 2020 ഫെബ്രുവരിയില്‍ കൂച്ച് ബെഹര്‍ ചഞ്ചാനന്‍ ബര്‍മ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ദേബ്കുമാര്‍ മുഖോപാധ്യായയ്ക്കു ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതോടെയാണു സര്‍വകലാശാലകളിലേക്കും അധികാരത്തര്‍ക്കം നീണ്ടത്.
2020 ജൂലൈയില്‍ സര്‍ക്കാരിനെ മറികടന്നു സംസ്ഥാനത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗവും ഗവര്‍ണര്‍ വിളിച്ചുകൂട്ടി. പക്ഷേ, സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍മാര്‍ യോഗത്തില്‍നിന്നു വിട്ടുനിന്നു. കേരളത്തിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും സര്‍വകലാശാലകളിലെ അധികാരത്തെച്ചൊല്ലി ഗവര്‍ണര്‍ സര്‍ക്കാര്‍ അധികാരത്തര്‍ക്കമുണ്ടായിരുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന നിയമനിര്‍മാണം നടത്തിയാണു തമിഴ്നാട് സര്‍ക്കാര്‍ തര്‍ക്കമൊഴിവാക്കിയത്. മഹാരാഷ്ട്ര സര്‍ക്കാരും സമാന നിയമനിര്‍മാണം നടത്തിയിരുന്നു. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശിപാര്‍ശ ദിവസങ്ങള്‍ക്കു മുമ്പാണു ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ തള്ളിയത്. ഇതിനുള്ള തിരിച്ചടികൂടിയാണു ബംഗാള്‍ സര്‍ക്കാരിന്റെ നീക്കം.

