ഐഡി കാർഡ് പരിശോധന നിർബന്ധമാക്കാൻ മന്ത്രി വീണാ ജോർജിന്റെ കർശന നിർദേശം

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡന്റിറ്റി കാർഡ് പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കർശന നിർദേശം നൽകി. രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേ സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ മറ്റൊരാൾക്കുകൂടി പാസ് അനുവദിക്കുകയുള്ളൂ. ജീവനക്കാരും മെഡിക്കൽ, നഴ്സിംഗ് വിദ്യാർഥികളും നിർബന്ധമായും ഐഡന്റിറ്റി കാർഡ് ധരിച്ചിരിക്കണം. സുരക്ഷാ ജീവനക്കാർ ഐഡന്റിറ്റി കാർഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവർ ഇത് നിർബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി കർശന നിർദേശം നൽകി. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിലാണ് മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനിയാവർത്തിക്കാതിരിക്കാനാണ് കർശന നടപടി സ്വീകരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ പ്രതിദിനം വന്ന് പോകുന്ന സ്ഥലമാണ് മെഡിക്കൽ കോളേജുകൾ. രോഗികൾക്കോ ജീവനക്കാർക്കോ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കിൽ സുരക്ഷാ ജീവനക്കാരെ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം