ഡല്‍ഹി ബി.ജെ.പി. അധ്യക്ഷന്റെ വീടും ഓഫീസും കൈയേറി നിര്‍മിച്ചതെന്ന് ആം ആദ്മി

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമനത്തുള്ള ഖാന്‍ അറസ്റ്റിലായതോടെ രാജ്യതലസ്ഥാനത്തെ വിവാദ ഇടിച്ചുനിരത്തലിനു വഴിത്തിരിവ്. ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേഷ് ഗുപ്തയുടെ വീടും ഓഫീസും പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ചതാണെന്ന ആരോപണവുമായി ആം ആദ്മി ഇന്നലെ രംഗത്തെത്തി. ഇന്നു രാവിലെ 11നു മുമ്പ് വീടും ഓഫീസും പൊളിച്ചുനീക്കിയില്ലെങ്കില്‍ ബുള്‍ഡോസറുമായി ഗുപ്തയുടെ വീട്ടിലെത്തുമെന്ന് എ.എ.പി. മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ആദേഷ് ഗുപ്തയുടെ കൈയേറ്റത്തിനെതിരേ തങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്ന് നാടകീയ പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് എ.എ.പി. നേതാക്കള്‍ പറഞ്ഞു. ഇടിച്ചുനിരത്തല്‍ ഭീഷണി മുഴക്കി പണമുണ്ടാക്കാനുള്ള വന്‍ പദ്ധതിയാണു ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. 63 ലക്ഷം വീടുകള്‍ തകര്‍ക്കാന്‍ അവര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീട് തകര്‍ക്കാതിരിക്കാന്‍ അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷം രൂപ വരെ ആളുകളില്‍നിന്നു ബി.ജെ.പി. നേതാക്കള്‍ വാങ്ങുന്നുണ്ടെന്ന് മറ്റൊരു ആം ആദ്മി നേതാവായ ദുര്‍ഗേഷ് പതക്കും ആരോപിച്ചു.
ഡല്‍ഹിയിലെ മദന്‍പൂര്‍ ഖാദര്‍ പ്രദേശത്ത് ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയതിനാണ് ആം ആദ്മി നേതാവായ അമനത്തുള്ള ഖാന്‍ എം.എല്‍.എ അറസ്റ്റിലായത്. ബി.ജെ.പി ഭരിക്കുന്ന ഡല്‍ഹിയിലെ പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ അനധികൃത നിര്‍മ്മാണം എന്ന പേരില്‍ ഇടിച്ചുനിരത്തല്‍ തുടരുന്നതിനെതിരേ മുമ്പും അദ്ദേഹം പ്രതിഷേധിച്ചിരുന്നു. സംഭവവികാസങ്ങള്‍ എം.എല്‍.എയുടെ അറസ്റ്റിലെത്തിയതാണ് എ.എ.പിയെ ചൊടിപ്പിച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം